ന്യൂ ഡൽഹി:
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.
25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും സമാന തുകയ്ക്കുള്ള രണ്ട് ജാമ്യവും വീതം നൽകണമെന്ന് ശിവകുമാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ രാജ്യം വിടരുതെന്ന നിബന്ധനയോടുകൂടിയാണ് ജാമ്യം. സെപ്തംബർ 3 നാണു ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
2016 ൽ നോട്ടു നിരോധനം നിലവിൽ വന്നത് മുതൽ ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും നിരീക്ഷണത്തിലാണ് ശിവകുമാർ. 2017 ഓഗസ്റ്റ് 2 ന് ശിവകുമാറിന്റെ ന്യൂഡൽഹിയിലെ ഫ്ലാറ്റിൽ ആദായനികുതി റെയ്ഡിൽ, കണക്കിൽ പെടാത്ത 8.83 കോടി രൂപ പിടിച്ചെടുത്തതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അതിനുശേഷം, 1961 ലെ ആദായനികുതി നിയമത്തിലെ 277, 278, ഐപിസി സെക്ഷൻ 120, 193, 199 എന്നീ വകുപ്പുകൾ പ്രകാരം കോൺഗ്രസ് നേതാവിനും അദ്ദേഹത്തിന്റെ നാല് കൂട്ടാളികൾക്കുമെതിരെ കേസെടുത്തു.
അതെ സമയം, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, അദ്ദേഹത്തിന്റെ മകൾ ഐശ്വര്യയുടെ ഉടമസ്ഥതയിലുള്ള ആസ്തി 108 കോടി രൂപയായിരുന്നു. 2013 ൽ ഇത് 1.09 കോടി രൂപയായിരുന്നു. എന്നാൽ, ഈ കണക്കുകൾ തന്റെ വരുമാനത്തെ ആശ്രയിക്കുന്നില്ലെന്ന് ശിവകുമാർ വ്യക്തമാക്കി.
ശിവകുമാറുമായി പണമിടപാട് നടത്തിയ വ്യക്തികളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയെയും, അമ്മയെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.