Fri. Nov 22nd, 2024
കൊച്ചി:

 
മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോർപ്പറേഷൻ പിരിച്ചുവിടാനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്നും, കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലാത്ത രീതിയിൽ ആണ് പോകുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.

അതിരൂക്ഷമായ വെള്ളക്കെട്ടാണ് ചെറിയ മഴയ്ക്ക് പോലും കൊച്ചിയിൽ ഉടനീളം കാണപ്പെടുന്നത്. ഇതുമൂലം യാത്രക്കാരും, സ്കൂൾ കുട്ടികളും, പ്രായമായവരുമാണ് ദുരിതം അനുഭവിക്കുന്നത്.

ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയണം. അവർ ഇപ്പോൾ ദുരിതക്കയത്തിലാണ് ജീവിക്കുന്നത് എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കേരളത്തിൽ മനുഷ്യർക്ക് ജീവിക്കാൻ ആദ്യം വേണ്ടത് അടിസ്ഥാന സൗകര്യങ്ങൾ ആണ്. ഈ വിഷയത്തിൽ അഡ്വക്കേറ്റ് ജനറൽ വിശദീകരണം നൽകണമെന്നും നിർദ്ദേശിച്ചു.

പ്രളയത്തെക്കാൾ ഭയാനകമായ അവസ്ഥയാണ് ഇന്നലെ കൊച്ചിയിൽ ഉണ്ടായത്. ഇതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടാകുന്നില്ലെന്നും, അത് എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു.

വോട്ടെടുപ്പ് ദിനമായ ഇന്നലെ ശക്തമായ മഴയെ തുടർന്ന് നഗരത്തിലെ പ്രാധാന റോഡുകൾ ആയ കലൂർ, ഇടപ്പള്ളി, സൗത്ത് റെയിൽവേ സ്റ്റേഷൻ, എന്നിവിടങ്ങളിൽ വീടുകളിലേക്കും, റോഡുകളിലേക്കും വെള്ളം കയറി. പോളിംഗ് ശതമാനവും, ട്രെയിൻ ഗതാഗതവും താറുമാറായി. നോർത്ത്, ഇടപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിൽ ഫയർ ഫോഴ്‌സിന്റെ സഹായത്തിൽ ഓവുകളും മറ്റും വൃത്തിയാക്കി. കലൂർ സബ്‌സ്റ്റേഷനുകൾ ഇന്നലെ ഇരുട്ടിൽ ആയിരുന്നു.

രാവിലെയോടെ പോയ കറന്റ് വന്നത് പാതിരാത്രിയോടെയാണ്. വെള്ളക്കെട്ട് വിഷയത്തിൽ കോർപ്പറേഷനെ അനുകൂലിച്ച് കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്ത് എത്തി. വെള്ളക്കെട്ട് പ്രശ്നത്തിൽ കോർപ്പറേഷനെ പഴിക്കുന്നതിൽ എന്ത് അർത്ഥം എന്നും, സാധ്യമായതെല്ലാം നഗരസഭ ചെയ്തു എന്നും മേയർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ കൊച്ചിയിലെ വെള്ളക്കെട്ടിനെ തുടർന്നാണ് ഹൈക്കോടതി കൊച്ചി കോർപ്പറേഷൻ പിരിച്ചു വിടാത്തത് എന്ത് എന്ന ചോദ്യവുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേരള സർക്കാരിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട് കോടതി.

നാളെ വീണ്ടും കോടതി ഹർജി പരിഗണിക്കും. പേരണ്ടൂർ കനാൽ നവീകരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഈ രൂക്ഷ വിമർശനം.