Wed. Jan 22nd, 2025
ധാക്ക:

 
തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ ഒരു ക്രിക്കറ്റ് പ്രവർത്തനത്തിലും പങ്കെടുക്കില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ തിങ്കളാഴ്ച പണിമുടക്കി. പണിമുടക്ക്, വരാനിരിക്കുന്ന ഇന്ത്യാ പര്യടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളായ ഷാകിബ് അൽ ഹസൻ, തമീം ഇക്ബാൽ, മുഷ്ഫിക്കർ റഹിം എന്നിവർ പതിനൊന്നോളം ആവശ്യങ്ങളുമായി ബിസിബി അക്കാദമി മൈതാനത്ത് ഒത്തുകൂടി, ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് പണിമുടക്കുകയായിരുന്നെന്ന് ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രമായ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശ് പ്രീമിയർ ലീഗിന്റെ (ബിപിഎൽ) ഏഴാം പതിപ്പിൽ ശമ്പള പരിധി സംബന്ധിച്ച പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച കളിക്കാർ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവന്നത്.

നവംബറിൽ ഇന്ത്യയിൽ മൂന്ന് ടി 20 മത്സരങ്ങളും രണ്ട് ടെസ്റ്റ് പരമ്പരയും അടങ്ങുന്നതായിരുന്നു ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം. ആദ്യ ടി 20 ഐ നവംബർ 3 ന് ഡൽഹിയിൽ ആരംഭിക്കാനിരിക്കെയാണ് ടീം അംഗങ്ങളുടെ പണിമുടക്ക്.