കാബൂൾ:
അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിക്കുള്ളിൽ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നംഗർഹാർ ഗവർണറുടെ വക്താവ് അത്വള്ള ഖോഗ്യാനിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.
നംഗർഹാറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ ദാര പ്രദേശത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആരാധകർ പ്രാർത്ഥനയിലായിരിക്കുമ്പോൾ സ്‌ഫോടകവസ്തുക്കൾ പള്ളിക്കുള്ളിൽ സ്ഥാപിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
പരിക്കേറ്റ പലരുടെയും അവസ്ഥ ഗുരുതരമാണെന്ന് ഖോഗ്യാനി പറഞ്ഞു.
പ്രസിഡന്റ് ഘാനിയുടെ വക്താവായ സെഡിക് സെഡിഖി ട്വിറ്ററിലൂടെ, സ്‌ഫോടനത്തെ ശക്തമായി അപലപിക്കുകയും സിവിലിയന്മാരെ ലക്ഷ്യമിടുന്ന താലിബാനെ വെല്ലുവിളിക്കുകയും ചെയ്തു.
എന്നാൽ, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റിനെ കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, അഭൂത സാഹചര്യത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നതായി യുഎന്നിന്റെ പുതിയ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് സ്ഫോടനം.