Sun. Dec 22nd, 2024
വാഷിംഗ്‌ടൺ:

 
കുർദിഷ് സേനകൾക്കെതിരെ കഴിഞ്ഞയാഴ്ച വടക്കൻ സിറിയയിൽ അങ്കാറ ആരംഭിച്ച ആക്രമണം അഞ്ചു ദിവസത്തെ വെടി നിർത്തൽ കരാറിലൂടെ നിർത്തിയതിൽ തുർക്കിയെ യൂഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു.

“ഇത് വളരെ നല്ല കാര്യമാണ്, തുർക്കി പ്രസിഡന്റ് എടുത്ത നടപടി ഒരുപാട് പ്രശംസയും ആദരവും അർഹിക്കുന്ന ഒന്നാണ്.” ട്രംപ്, ഡാലസ്സിലെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

വടക്കൻ സിറിയയിലെ സുരക്ഷിത മേഖല സ്ഥാപിക്കുന്നതിനെക്കുറിച്ചും അഞ്ചു ദിവസത്തെ വെടി നിർത്തൽ കരാറിനെ സംബന്ധിച്ചും യുഎസും തുർക്കിയും ധാരണയിലെത്തിയതായി വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പരാമർശം.

“അടുത്ത നൂറ്റി ഇരുപതു മണിക്കൂർ നേരത്തേക്ക് തുർക്കിയുടെ സൈനിക നടപടി പിൻ‌വലിക്കുന്നു.” പെൻസ് പ്രസിഡന്റ് എർദോഗനുമായുള്ള രഹസ്യ കൂടിക്കാഴ്ചക്ക് ശേഷം അങ്കാറയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“മുപ്പത്തിരണ്ട് കിലോമീറ്റർ നീണ്ടു കിടക്കുന്ന സുരക്ഷാ മേഖലയിൽ നിന്നും കുർദിഷ് സേന പിൻവലിഞ്ഞു തുടങ്ങിയിരിക്കുന്നു. കുർദിഷ് സേനയും വൈപിജി യും വടക്കൻ സിറിയിയിൽ നിന്നും പിൻവാങ്ങിയ ശേഷം മാത്രമേ ഞങ്ങളുടെ സൈനിക നടപടി അവസാനിക്കുകയുള്ളു” പെൻസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തുർക്കി ഭരണകൂടത്തിനെതിരായ സായുധ പോരാട്ടം കുർദിഷ് സേനയുടെ സിറിയൻ വിഭാഗമായ വൈപിജി നടത്തി വരുന്നതായി തുർക്കി ആരോപിച്ചു. അതേസമയം തന്നെ  വാഷിംഗ്ടൺ, കുർദിഷ് പോരാളികളെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരെ കരസേനയായി ഉപയോഗിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് ഓപ്പറേഷൻ പീസ് സ്പ്രിങ് എന്ന പേരിൽ കുർദിഷ് സേനക്കെതിരെ തുടങ്ങിയ ആക്രമണം, ഈ കരാറോടെ നിർത്തലാക്കും. ഇതോടെ തുർക്കിക്കുമേൽ അമേരിക്ക പ്രഖ്യാപിച്ച ഉപരോധവും അവസാനിപ്പിക്കും.

“വെടിനിർത്തൽ ഒരു നല്ല സംഭവവികാസമാണ്, പക്ഷേ നിർഭാഗ്യവശാൽ ഈ കരാർ തുർക്കിയുടെ കീഴടങ്ങലാണ്,” ഡെമോക്രാറ്റിക് സെനറ്റർ ടിം കെയ്ൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

തുർക്കിയെ ലക്ഷ്യമിട്ട് ഉഭയകക്ഷി പിന്തുണയോടെ വ്യാഴാഴ്ച സെനറ്റിൽ രണ്ട് പുതിയ ഉപരോധ ബില്ലുകൾ അവതരിപ്പിച്ചു. വെടിനിർത്തൽ കരാർ പെൻസ് നൽകിയിട്ടും തങ്ങളുടെ നിയമനിർമാണവുമായി മുന്നോട്ട് പോകുമെന്നും നിയമനിർമ്മാതാക്കൾ പറഞ്ഞു.