Fri. Nov 22nd, 2024
കൊൽക്കത്ത:

ബംഗ്ലാദേശിനെതിരായ ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിലെ 1-1 സമനില ദൗർഭാഗ്യകരമെന്നു ഇന്ത്യൻ മുൻ ഫുട്‍ബോൾ നായകൻ ബൈച്ചിങ് ബൂട്ടിയ. സ്വന്തം തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളെക്കാളും എൺപത്തിമൂന്നു റാങ്ക് പിന്നിലുള്ള ബംഗ്ലാദേശിനോട് തോൽവിയെന്ന വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത് ഇന്ത്യൻ കളിക്കാരൻ ആദിൽഖാൻ അവസാന നിമിഷം നേടിയ ഗോളാണ്.

ഫ്രീകിക്കിലൂടെ ആദ്യ ഗോൾ നേടിയ സാദ് ഉദ്ദിൻ ആണ് ആദ്യ പകുതിയിൽ ബംഗ്ലാദേശിന് മുൻ‌തൂക്കം നൽകിയത്.

കഴിഞ്ഞ മാസം ഏഷ്യൻ വിജയികളായ ഖത്തറിനോട് ഇന്ത്യ സമനില നേടിയത് ഏറെ പ്രശംസക്ക് കാരണമായി തീർന്നിരുന്നു. അതെ ഖത്തറിനോട് ബംഗ്ലാദേശ് രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയാണുണ്ടായത്.

“അവർ ചെറുപ്പമാണ്. ഒരുപാട് കഴിവുള്ള കളിക്കാരും ഇന്ന് നമ്മുടെ ടീമിനുണ്ട്. ഈ പരാജയത്തിൽനിന്നും അവർ പാഠം ഉൾക്കൊള്ളുക തന്നെ ചെയ്യും. ശരിയാണ്, ഇത് അത്ര നല്ല ഫലമല്ല, എന്നിരുന്നാലും ഇതിലെ തെറ്റുകളിൽ പഠിച്ചു, നന്നായി കഷ്ടപ്പെട്ടു മുന്നോട്ടു വരിക തന്നെ ചെയ്യണം” ബൂട്ടിയ പറഞ്ഞു.

മത്സരത്തിന് കാണികളുടെ ഭാഗത്തു നിന്നും ലഭിച്ച വലിയ പിന്തുണക്കു നന്ദി അർപ്പിച്ചുകൊണ്ട് ഛേത്രി ട്വീറ്റ് ചെയ്തു.

“ബംഗ്ലാദേശ് നന്നായി കളിച്ചു. ഒരു ചെറിയ പിഴവ് അതാണ് അവർ ഗോൾ ആക്കി മാറ്റിയത്. പുതിയ രീതികൾ ഞങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും ഒരുപാട് നന്നാവാനുണ്ട്” മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സ്റ്റീമക് പറഞ്ഞു.

ഖത്തറിനോടും ബഗ്ലാദേശിനോടുമുള്ള സമനിലയിൽ നിന്നും ഇന്ത്യക്കു ഇപ്പോൾ രണ്ടു പോയിന്റ് ഉണ്ട്, നവംബർ 14 ന് അഫ്ഗാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.