കൊച്ചി:
കുടുംബശ്രീ കിച്ചണിൽ നിന്നും ഉൽപ്പന്നങ്ങൾ ആവശ്യപ്രകാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതിയുടെ ട്രയൽ റൺ കാക്കനാട് വച്ച് നടന്നു. ഒരു മാസത്തിനുള്ളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് സംരംഭകരുടെ ശ്രമം. പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോ, സ്വിഗ്ഗി, ഊബർ ഈറ്റ്സ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
“2018 ലെ പ്രളയത്തിൽ കുടുംബശ്രീയുടെ ചില കഫേ യൂണിറ്റുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അപ്പോഴാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന എൻജിഒ, അമേരിക്ക ഇന്ത്യ ഫൗണ്ടേഷൻ (എഐഎഫ്) സഹായ വാഗ്ദാനവുമായി എത്തുന്നത്. അങ്ങനെയാണ് ദുരിതത്തിലായ കുടുംബശ്രീ യൂണിറ്റുകൾക്കായി ഓൺലൈൻ ആപ്ലിക്കേഷൻ വഴി ഒരു ബിസിനസ്സ് ഫോറം തുറക്കാൻ ഞങ്ങൾ തീരുമാനിക്കുന്നത്.” കുടുംബശ്രീ കിച്ചണിന്റെ അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജർ കിരൺ ബാബു പറയുന്നു.
25 ലക്ഷം മുടക്കു മുതൽ പ്രതീക്ഷിക്കുന്ന പദ്ധതി നവംബർ മാസത്തോടു കൂടി പ്രാബല്യത്തിൽ വരും. കുടുംബശ്രീ കഫേകളിൽ ഉണ്ടാക്കുന്ന ഭക്ഷണം, നാലു കേന്ദ്രങ്ങളിൽ ഒന്നിൽ എത്തിക്കുകയും തുടർന്ന് അവിടെ നിന്ന് ഡെലിവറി ബോയ് ആവശ്യാനുസരണം അവ ശേഖരിക്കുകയുമാണ് ചെയ്യുക. ജില്ലയിൽ 120 കുടുംബശ്രീ കഫേകളിൽ നിന്ന് 20 എണ്ണമാണ് പുതിയ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
കളമശ്ശേരി, കാക്കനാട്, വൈറ്റില എന്നിവിടങ്ങളിലായി മൂന്നു കേന്ദ്രങ്ങൾ തുറന്നു കഴിഞ്ഞു. ഇനി കലൂരിലോ, എംജി റോഡിലോ നാലാമത്തെ കേന്ദ്രം തുറന്നു പ്രവർത്തിക്കും. അതോടെ കുടുംബശ്രീ കിച്ചണിലെ വിഭവങ്ങൾക്ക് കൊച്ചി മുഴുവൻ എത്താൻ സാധിക്കും,” കിരൺ ബാബു കൂട്ടിച്ചേർത്തു.
“പ്രാരംഭ ഘട്ടത്തിൽ ആളുകളുടെ പ്രതികരണം സ്വാഗതാർഹമായിരുന്നു. ട്രയൽ റൺ അവസാനിക്കുമ്പോൾ 3.5 ആയിരുന്നു ആപ്പിന്റെ റേറ്റിംഗ്. ചെറിയ ചില സാങ്കേതിക തകരാറുകൾ കൂടി പരിഹരിച്ചാൽ പദ്ധതി കൂടുതൽ സുഗമമാകും.” മാർക്കറ്റിങ് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന അരുൺ പറഞ്ഞു.
തലശ്ശേരി ദം ബിരിയാണി, കക്ക ഇറച്ചി റോസ്റ്റ്, ചെമ്മീൻ റോസ്റ്റ് എന്നിവയടക്കം നിരവധി വിഭവങ്ങളാണ് കുടുംബശ്രീയുടെ അടുക്കളയിൽ തയ്യാറാകുന്നത്.