Sun. Jan 5th, 2025
മുംബൈ:

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഓർഗനൈസഷൻ ആയ ബിസിസിഐയുടെ അധ്യക്ഷ പദം വഹിക്കുന്നത് വലിയ വെല്ലുവിളി ആണെന്ന് സൗരവ് ഗാംഗുലി.

ഞായറാഴ്ച നടന്ന ബിസിസിഐ അംഗങ്ങളുടെ ചർച്ചയിലെടുത്ത തീരുമാനപ്രകാരം സൗരവ് ഗാംഗുലി അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ പത്രിക സമർപ്പിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന മറ്റൊരാളായ ബ്രിജേഷ് പട്ടേലിനെ ഐപിഎൽ ചെയർമാൻ ആയി നിയമിക്കുന്നതിനും തീരുമാനമായി.

“തന്റെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള സുവർണ്ണാവസരമായി ഇതിനെ കാണുന്നു എന്നും, എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടാലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ബിസിസിഐ അധ്യക്ഷ സ്ഥാനമെന്നും” ഗാംഗുലി ഇന്ത്യ ടുഡേയ്ക്കു കൊടുത്ത അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഐപിഎൽ ചെയർമാൻ സ്ഥാനത്തേക്ക് ആണ് ഗാംഗുലിയെ ആദ്യം പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും, ഞായറാഴ്ച വൈകിട്ടോടെ അദ്ദേഹം ഇത് നിരസിക്കുകയുമാണ് ഉണ്ടായത്. ഈ സമയത്താണ്  ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള അവസരം അദ്ദേഹത്തിനെ തേടിയെത്തിയത്.

ബിസിസിഐ യുടെ പുതിയ നിയമ പ്രകാരം ഏതെങ്കിലും ഒരു അധ്യക്ഷസ്ഥാനത്തു തുടർച്ചയായി ആറു വർഷങ്ങൾ മാത്രമേ നിലനിൽക്കുവാൻ സാധിക്കുകയുള്ളു. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയി അഞ്ചു വർഷം പൂർത്തിയാക്കിയ ഗാംഗുലിക്ക് ഇനി ഒരു വർഷം കൂടി മാത്രമേ ബിസിസിഐ അധ്യക്ഷസ്ഥാനത്തു തുടരാനാകു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ഉന്നമതിയാണ് തന്റെ ആദ്യ പരിഗണന എന്നും, രഞ്ജി മത്സരങ്ങളിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കളിക്കാരുടെ സാമ്പത്തിക ഉന്നമനത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.