Wed. Jan 22nd, 2025
ന്യൂ ഡൽഹി:

 

യൂണിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സമരത്തിന്റെ പരിണിതഫലമായി, 1.76 ലക്ഷം ജോലിക്കാരുടെയും ശമ്പള കുടിശിക ദീപവലിക്കു മുൻപു തീർക്കുമെന്ന് ഭാരതീയ സഞ്ചാർ നിഗം ലിമിറ്റഡ് ജോലിക്കാർക്ക് ഉറപ്പു നൽകി. ഉത്സവ സമയത്തു തന്നെ നടത്തി വന്നിരുന്ന സമരം കമ്പനിയുടെ പ്രവർത്തങ്ങൾക്ക് പ്രശ്നങ്ങൾ തീർത്തതോടെയാണ് ബിഎസ്എൻഎൽ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത്.

“സ്വന്തം വരുമാനത്തിൽ നിന്ന് തന്നെ ദീപാവലിക്ക് മുന്നേ ആയി ശമ്പള കുടിശിക കൊടുത്തു തീർക്കും. 1600 കോടി രൂപയുടെ വരുമാനം കഴിഞ്ഞ മാസം ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്” ബിഎസ്എൻഎൽ ചെയർമാൻ പുർവാർ ഐഎഎൻഎസിനോട് പറഞ്ഞു.

850 കോടി രൂപയാണ് ബിഎസ്എൻഎൽ ജീവനക്കാർക്കുള്ള ഒരു മാസത്തെശമ്പളം. ഒരു മാസം 1600 കോടി ലാഭമുണ്ടാക്കുന്ന ബിഎസ്എൻഎലിന് ഇത് ശമ്പള കുടിശ്ശിക തീർക്കുവാൻ പോലുമുള്ള വരുമാനമില്ല എന്നതാണ് സത്യം. സാങ്കേതികചിലവുകൾക്കും, മറ്റു നടത്തിപ്പ് ചിലവുകൾക്കും കൂടുതൽ ധനം നീക്കി വെക്കുന്നതാണ് ഇതിനു കാരണമായി വരുന്നത്. സർക്കാർ ജാമ്യത്തിൽ ബാങ്കുകളിൽ നിന്നും കൂടുതൽ ധന സമാഹരണത്തിനു ശ്രമിച്ചെങ്കിലും, അത് ഇതുവരെ ലഭിക്കാത്തതു കൂടുതൽ പ്രശ്ങ്ങൾക്കു കാരണമായി.

“ഈ വർഷത്തെ ബിഎസ്എൻഎലിന്റെ നഷ്ടം 13804 കോടി രൂപയാണ്. ഫോർ ജി സ്പെക്ട്രത്തിന്റെ അവതരണവും, ജോലിക്കാർക്ക് സ്വയം വിരമിക്കാനുള്ള അവസരം നൽകുന്നതും സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറുവാനുള്ള മാർഗമായാണ് കരുതുന്നത്, സർക്കാരിന്റെ പരിഗണയിൽ ഈ വിഷയങ്ങൾ ഉണ്ടെങ്കിലും കൂടുതൽ സമയമെടുക്കുവാനാണ് സാധ്യത,” പുർവാർ പറഞ്ഞു.

50000 കോടിയുടെ അധിക മൂലധന സമാഹരണം എന്ന സാമ്പത്തിക മന്ത്രാലയത്തിന്റെയും, പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും തീരുമാനം ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് ആവേശം പകരുന്നതാണ്.