Thu. Mar 28th, 2024
ലക്നൗ:

 

ഒക്ടോബർ 26 നു നടക്കാനിരിക്കുന്ന ദീപോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താനും, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ അവലോകനം ചെയ്യാനും, ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും. ചീഫ് സെക്രട്ടറി ആർ കെ തിവാരി, ഡിജിപി ഒ പി സിംഗ്, അഡിഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുള്ളത്.

രാമജന്മഭൂമി – ബാബറി മസ്ജിദ് കേസിൽ അടുത്ത മാസം സുപ്രീം കോടതി അന്തിമവിധി പറയാനിരിക്കെ ദീപോത്സവാഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താനാണ് ഉദ്യോഗസ്ഥ സംഘം അയോദ്ധ്യ സന്ദർശിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ അയോദ്ധ്യയിലെ പ്രാദേശിക ഉദ്യോഗസ്ഥരുമായും ഇവർ കൂടിക്കാഴ്ച നടത്തും.

അയോദ്ധ്യയിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ദീപോത്സവം, ഛത് പൂജ തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന തീർത്ഥാടകരുടെ പ്രവാഹത്തെയും ഉദ്യോഗസ്ഥർ അവലോകനം ചെയ്യും.