Wed. Jan 22nd, 2025
#ദിനസരികള്‍ 904

സാമൂഹിക വിപ്ലവത്തില്‍ അവലംബിക്കേണ്ട മാര്‍ഗങ്ങളെ പറ്റി ആലോചിച്ചുകൊണ്ടാണ് ഗ്രന്‍വില്‍ ഓസ്റ്റിന്‍ രണ്ടാം അധ്യായം ആരംഭിക്കുന്നത്. “ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതല്‍ ഇന്ത്യയില്‍ രണ്ടു വിപ്ലവങ്ങള്‍ – ദേശീയവും സാമൂഹികവും – സമാന്തരമായി തുടരുകയായിരുന്നു. സ്വാതന്ത്ര്യ ലബ്ദിയോടെ ദേശീയ വിപ്ലവങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ സാമൂഹിക വിപ്ലവങ്ങള്‍ തുടരേണ്ടതുണ്ട്.”

ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കായ ദരിദ്രനാരായണന്മാരുടെ കണ്ണുനീര്‍ തുടച്ചു നീക്കുകയെന്നത് ഏറ്റവും വലിയ വെല്ലുവിളിയായിട്ടാണ് നെഹ്റുവടക്കമുള്ള ആളുകള്‍ കണ്ടിരുന്നത്. അതുകൊണ്ട് “ഈ സഭയുടെ ആദ്യത്തെ കര്‍മ്മം ഇന്ത്യയെ ഒരു പുതിയ ഭരണഘടനയിലൂടെ സ്വതന്ത്രമാക്കുകയും പട്ടിണിപ്പാവങ്ങള്‍ക്ക് ആഹാരവും വസ്ത്രവും നല്കുകയും ഓരോ വ്യക്തിക്കും സ്വന്തം കഴിവനുസരിച്ച് മുന്നോട്ടു പോകുന്നതിന് തുല്യമായ അവസരം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് നാം പ്രഥാനമായും പ്രഥമമായും ചെയ്യേണ്ട കടമ” എന്ന് അദ്ദേഹം ചിന്തിച്ചത്.

മധ്യകാല ജീവിത രീതികളില്‍ നിന്ന് വിമുക്തരായ ഒരു ജനതയെ സൃഷ്ടിച്ചെടുക്കുവാനും സമൂഹത്തിന്റെ അടിത്തട്ടിലിറങ്ങിച്ചെല്ലുന്ന തരത്തില്‍ സാമൂഹ്യ സാമ്പത്തിക മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു മാറ്റത്തെയാണ് ഭരണഘടനയുടെ വിധാതാക്കള്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. അത്തരമൊരു നേട്ടം എത്രയും വേഗത്തില്‍ നേടാന്‍ കഴിയുമോ അത്രയും വേഗം എന്നതുമാത്രമായിരുന്നു അവരുടെ മുദ്രാവാക്യവും. അതിനു സഹായിക്കുന്ന രീതിയിലുള്ള ഒരു രാഷ്ട്ര ഘടന കണ്ടെത്തുക എന്നതായിരുന്നു ഒന്നാമത്തെ വെല്ലുവിളി.

“ഭരണഘടന ഏകീകൃതമോ ഫെഡറല്‍ സ്വഭാവമുള്ളതോ വികേന്ദ്രീകൃതമോ അതോ ചില ഏകാധിപതികളുടെ ആജ്ഞയ്ക്ക് അനുസരിച്ചാകണമോ അതോ ജനാധിപത്യപരമായി നിലകൊള്ളണമോ, ഇന്ത്യന്‍ രീതിയാണോ അതോ യൂറോപ്യന്‍ രീതിയാണോ നാം അനുവര്‍ത്തിക്കേണ്ടത് തുടങ്ങി ഒരു പിടി ചോദ്യങ്ങള്‍ അസംബ്ലിയുടെ മുന്നില്‍ വെച്ചു.”

പക്ഷേ ജനാധിപത്യരീതിയിലുള്ള ഒന്നായിരിക്കണം ഭരണഘടന എന്ന കാര്യത്തില്‍ ഒരു കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. അതിനുതകുന്ന ഒരു മാതൃകയെയാണ് അവര്‍ അന്വേഷിച്ചത്. “യൂറോ – അമേരിക്കന്‍ ഭരണഘടനാ പാരമ്പര്യത്തിലേക്ക് നോക്കുക എന്നതിനര്‍ത്ഥം മിക്കവാറും കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യ പിന്തുടര്‍ന്നിട്ടുള്ള മാര്‍ഗ്ഗം തുടരുക എന്നതായിരുന്നു.

മറിച്ച് അസംബ്ലി അംഗങ്ങള്‍ രാഷ്ട്രത്തിന്റെ സമ്പന്നമായ പൈതൃകമാണ് ആവശ്യത്തിനുതകുന്നതെന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ അതുമിക്കവാറും ഗ്രാമപഞ്ചായത്തു വ്യവസ്ഥയില്‍ ഭരണഘടനയെ ഉറപ്പിച്ച് ഗാന്ധിയന്‍  മാതൃകയിലുള്ള പരോക്ഷമായ വികേന്ദ്രീകൃതമായ സര്‍ക്കാറായിത്തീരുമായിരുന്നു.” എന്നാല്‍ ഒരു പാര്‍ലമെന്ററി ഭരണഘടന തിരഞ്ഞെടുക്കുവാനാണ് അസംബ്ലി തീരുമാനിച്ചത്.

ഗാന്ധി പക്ഷേ കോണ്‍ഗ്രസിനെ പിരിച്ചു വിട്ടുകൊണ്ട് രാജ്യമെമ്പാടുമുള്ള ഒരു സാമൂഹിക സേവന സംഘടനയായി മാറ്റണമെന്നും അത് ഗ്രാമസ്വരാജിലേക്ക് വഴികാണിക്കുമെന്നും തന്റെ ജീവിതത്തിന്റെ അവസാന ദിനത്തില്‍ പ്രത്യാശിച്ചു. “ഹിംസ സ്വാഭാവികമായും കേന്ദ്രീകരണത്തിലേക്കാണ് നയിക്കുക, അഹിംസയുടെ സത്തയാണ് വികേന്ദ്രീകരണം” എന്ന വിശ്വാസത്തില്‍ അടിയുറച്ചു നിന്ന ഗാന്ധിയില്‍ ഇത്തരമൊരു സങ്കല്പം ഒട്ടും അതിശയോക്തിപരമായിരുന്നില്ല.

സ്വയം ഭരിക്കുന്ന, സ്വയം സമ്പൂര്‍ണമായ ഗ്രാമങ്ങളില്‍ ഇന്ത്യ ജീവിക്കും എന്നായിരുന്നു ഗാന്ധി ചിന്തിച്ചു പോന്നത്. അത്തരമൊരു അഹിംസാത്മകമായ വ്യവസ്ഥയിലേക്ക് രാജ്യത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ കോണ്‍ഗ്രസിനെ ഉപയോഗപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹം കണ്ടത്. എന്നാല്‍ ഒരു പാര്‍ലമെന്ററി ഫെഡറല്‍ ഭരണഘടന എന്ന ചിന്തയിലേക്കാണ്, ഗാന്ധിയന്‍ മാതൃക എന്നതിനെക്കാള്‍ നിര്‍മ്മാണ സഭ ചിന്തിച്ചെത്തി നിന്നത്.

ഈ ഒരു സരണിയിലേക്ക് എളുപ്പത്തിലെത്തുകയായിരുന്നില്ല, മറിച്ച് ഓരോ ഘട്ടത്തിലും ഭരണഘടനാ നിര്‍മ്മാണ സമിതി ഗാന്ധിയന്‍ മാതൃകയേയും പരിഗണിച്ചുകൊണ്ടായിരുന്നു. ഗ്രന്‍വില്‍ ഓസ്റ്റിന്‍ സാമാന്യം ദീര്‍ഘമായിത്തന്നെ ഇന്ത്യ ഗാന്ധിയന്‍ മാതൃകയെ ത്യജിച്ച് ഫെഡറല്‍ രീതിയ അവലംബിച്ചതിനെക്കുറിച്ച് എഴുതുന്നുണ്ട്. ആ ചര്‍ച്ചകളെ വിശദമായിത്തന്നെ മനസ്സിലാക്കിപ്പോകുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വാഭാവങ്ങളെക്കുറിച്ചും അതു പടുത്തുയര്‍ത്തിയിരിക്കുന്ന ജൈവചോദനകളെക്കുറിച്ചും നമ്മെ ബോധവാന്മാരാക്കും.

(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.