Reading Time: 3 minutes
#ദിനസരികള്‍ 903

1946 ഡിസംബര്‍ ഒമ്പതിന് രൂപീകരിക്കപ്പെട്ട ഭരണഘടന നിര്‍മ്മാണ സഭ 1949 നവംബര്‍ 26 ന് ഇന്ത്യയിലെ ജനങ്ങള്‍ക്കു് അംഗീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ഭരണഘടന എഴുതി തയ്യാറാക്കി സമര്‍പ്പിച്ചു. പിന്നാലെ 1950 ജനുവരി 26 ന് തങ്ങളൊരു സ്വതന്ത്ര പരമാധികാര റിപബ്ലിക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ആ ഭരണഘടനയെ സ്വീകരിച്ചു.

എന്നാല്‍ കേവലം മൂന്നേമുക്കാല്‍ കൊല്ലംകൊണ്ട് നാം ഭരണഘടനയേയും അടിസ്ഥാന മൂല്യങ്ങളേയും അത് ജനതയുടെയിടയില്‍ പ്രവര്‍ത്തിക്കേണ്ട രീതികളേയും നടപ്പില്‍ വരുത്തിയെങ്കിലും അത്തരമൊരു സാഹചര്യമുണ്ടായി വന്നത് നീണ്ട കാലത്തെ അവിസ്മരണീയമായ സമരപോരാട്ടങ്ങളിലൂടെയാണെന്ന് നാം വിസ്മരിച്ചുകൂടാ. അതുകൊണ്ടുതന്നെ ഒന്നാം അധ്യായത്തില്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഉത്ഭവത്തെക്കുറിച്ചും രൂപപ്പെട്ടുവരാനിടയായ മറ്റു സാഹചര്യങ്ങളെക്കുറിച്ചുമാണ് ഗ്രന്‍വില്‍ ഓസ്റ്റിന്‍ വിവരിക്കുന്നത്.

രണ്ടാംലോകമഹായുദ്ധമുണ്ടാക്കിയ സ്ഥിതിവിശേഷങ്ങള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങള്‍ക്ക് ഏറെ നിറം പകര്‍ന്നിരുന്നു. യുദ്ധം ക്ഷീണിപ്പിച്ച ബ്രിട്ടന് ഇന്ത്യയെ അധികകാലം തങ്ങളുടെ കാല്‍ചുവട്ടില്‍ അമര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നത് ആ സ്വപ്നത്തിന് ചിറകുകള്‍ മുളപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ഇന്ത്യക്കാരായ ആളുകള്‍ ഇന്ത്യക്കാര്‍ക്കു വേണ്ടി നിര്‍മ്മിക്കുന്ന ഒരു ഭരണഘടനയായിരിക്കണം ഭാവിഭാരതത്തെ നിയന്ത്രിക്കേണ്ടതെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

“ഭാരതീയ ജനത ഒരു ഏകീകൃത ഘടകമാണെന്നും തങ്ങള്‍ക്ക് പക്വതയെത്തിയെന്നും വിശ്വസിച്ചു തുടങ്ങി. സ്വാതന്ത്ര്യം ഒരാശയമായിരുന്നു. അതിനായി പ്രവര്‍ത്തിക്കേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പൊതുജീവിതത്തിന്റെ തത്വമായി.” എന്നവര്‍ വിശ്വസിച്ചു. ഇനിയും തടഞ്ഞു നിറുത്തുവാന്‍ കഴിയാത്ത വിധത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദാഹം അണപൊട്ടിയൊഴുകാന്‍ തുടങ്ങിയെന്ന് ബ്രിട്ടീഷുകാര്‍ക്ക് മനസ്സിലായി. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരം ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും മടങ്ങിയേ തീരുവെന്ന ആവശ്യം മുന്നോട്ടു വെച്ചു.

ഇനിയും തുടരാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി അധികാരകൈമാറ്റത്തെക്കുറിച്ച് ആലോചിക്കുവാനായി പെത്തിക്ക് ലോറൻസ്, സ്റ്റഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ എന്നിവരെ ദൌത്യസംഘമായി ഇന്ത്യയിലേക്ക് അയച്ചു.

കാബിനറ്റ് ദൌത്യസംഘത്തിന്റെ പ്രധാനപ്പെട്ട ചുമതലയായി കണക്കാക്കപ്പെട്ടിരുന്നത് “ഇന്ത്യക്കാര്‍ക്ക് അവരുടേതായ ഭരണഘടന നിര്‍മ്മിക്കാനുള്ള സംവിധാനം ഏര്‍‌പ്പെടുത്തുന്നതിന് സഹായിക്കാനും കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമിടയില്‍ മധ്യസ്ഥത വഹിച്ച് ഇന്ത്യയിലെ സമുദായങ്ങളെ ഭരണഘടനാപരമായി യോജിപ്പിക്കുക എന്നതുമാണ്” എന്നാല്‍ ജനതയെ സാമുദായികമായി ഒന്നിപ്പിക്കുക എന്ന ദൌത്യം വിജയകരമായില്ലെന്ന് മാത്രവുമല്ല, ലീഗ് ഒരിക്കലും 1946 ല്‍ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായി വന്നില്ല.

തങ്ങള്‍ക്ക് തങ്ങളുടേതായ രാജ്യമെന്ന വാദത്തിലുറച്ചുനിന്ന ജിന്നയും കൂട്ടരും പക്ഷേ ഭരണഘടനാ നിര്‍മ്മാണ സഭയുമായി ബന്ധപ്പെട്ട് 1945 ല്‍ മറ്റൊരു വാദം മുന്നോട്ടു വെച്ചു. അതൊരു തരത്തില്‍ പിന്നോട്ടടി തന്നെയായിരുന്നുവെന്ന് ഗ്രന്‍‌വെല്‍ ഓസ്റ്റിന്‍ നിരീക്ഷിക്കുന്നു -“1945 ല്‍ ജിന്ന ഒരു ചുവട് പിന്നോട്ടു പോയി. അദ്ദേഹം പറഞ്ഞു ഇന്ത്യക്ക് രണ്ടു നിയമനിര്‍മ്മാണ സഭകളുണ്ടാകണം. ഒന്ന് ഹിന്ദുസ്ഥാനും മറ്റൊന്ന് പാകിസ്താനുമായി. പാകിസ്താന് നീതി നേടിക്കൊടുക്കുവാനായി ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തുടരണമെന്നും ഭരണഘടനകള്‍ പൂര്‍ത്തിയായി രണ്ടു രാഷ്ട്രങ്ങളും സ്ഥാപിതമായ ശേഷമാകണം സ്വാതന്ത്ര്യ ലബ്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോണ്‍ഗ്രസാകട്ടെ നേര്‍വിപരീതമായി ചിന്തിച്ചു. “ഇന്ത്യയിലെ ജനത ഭാരതീയരായിരുന്നു. അവരുടെ മതം എന്തായാലും അവര്‍ ഒരു രാഷ്ട്രമായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണം. അപ്പോള്‍ മാത്രമേ സ്വതന്ത്രരായ ഭാരതീയര്‍ക്ക് ഒന്നിച്ചു ചേരുവാനും വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കുവാനും അവരുടെ ഭാവി കെട്ടിപ്പടുക്കാനും സാധിക്കുകയുള്ളു.” രണ്ട് അഭിപ്രായങ്ങളേയും കൂട്ടിയിണക്കാന്‍ കാബിനറ്റ് മിഷന്‍ കിണഞ്ഞു പരിശ്രമിച്ചതിന്റെ അടിസ്ഥാനത്തില്‍ 1946 മെയ് 16 ന് വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം മനസ്സില്ലാമനസ്സോടെ ലീഗ് ഒത്തുതീര്‍പ്പിലെത്തി. 1946 ജൂലൈ 10 ന് നയരഹിതമായി നെഹ്രു നടത്തിയ പ്രഭാഷണം ഒരവസമായി കണ്ട ജിന്ന, ലീഗ് പ്രതിനിധികളോട് അസംബ്ലി ബഹിഷ്കരിക്കുവാന്‍ ആഹ്വാനം ചെയ്തു. പിന്നീട് ഒരിക്കലും ലീഗ് ഈ ബഹിഷ്കരണം പിന്‍വലിച്ചില്ലയെന്ന് ഓസ്റ്റിന്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു ജനത എന്ന നിലയില്‍ ഒരിക്കലും ഒന്നിച്ചു നില്ക്കാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കാതിരുന്നത് നേട്ടമായി കരുതിയ ജിന്നയും അനുയായികളും നിയമനിര്‍മ്മാണ സഭയുമായി സഹകരിക്കാതിരുന്നത് അത്ഭുതമായിരുന്നില്ല “1947 ജൂണ്‍ മൂന്നിന് വൈസ്രോയിയായെത്തിയ മൌണ്ട് ബാറ്റണ്‍ പ്രഭു, ആഗസ്റ്റ് 15 ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇന്ത്യ എന്നും പാകിസ്താനെന്നുമായി രണ്ടു രാഷ്ട്രങ്ങളെ ഇംഗ്ലണ്ട് അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു.” അതോടുകൂടി ഭരണഘടനാ നിര്‍മ്മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു.

രാജ്യത്തിന്റെ എല്ലാത്തരം സ്വാഭാവ വിശേഷങ്ങളേയും ഉള്‍‍‌ക്കൊള്ളാനുള്ള താല്പര്യം നിര്‍മ്മാണ സഭ പ്രകടിപ്പിച്ചിരുന്നു. മുസ്ലീങ്ങള്‍ക്ക് സ്വതന്ത്രമായ മറ്റൊരു രാജ്യം എന്ന മുദ്രാവാക്യമുയര്‍ത്തി പാകിസ്താന്‍ നേടിയെടുത്ത് ജിന്നയും കൂട്ടരും പിരിഞ്ഞു പോയെങ്കിലും ഇന്ത്യയില്‍ അവശേഷിച്ചിരുന്ന മുസ്ലിം മതവിഭാഗത്തോട് ഒരു തരത്തിലുള്ള തിരിച്ചു വ്യത്യാസങ്ങളുമുണ്ടാകരുതെന്ന് അവര്‍ ശഠിച്ചു. ഏതു നിലവാരത്തിലുള്ള പൌരന്മാരേയും ഒരേ തട്ടില്‍ തന്നെ കാണാനും പരിഗണിക്കുവാനുമുള്ള ഔന്നത്യം അന്നേ വിധാതാക്കള്‍ക്കുണ്ടായിരുന്നുവെന്ന കാര്യം എടുത്തു പറയേണ്ടതാണ്.

എട്ടു ദിവസത്തെ നീണ്ട ചര്‍ച്ചക്കു ശേഷമാണ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിംഗ് കമ്മറ്റി തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖ വാചത്തെ സഭ അംഗീകരിച്ചത് എന്ന വസ്തുത മാത്രം പരിഗണിച്ചാല്‍ എത്ര വിശദവും കുലങ്കഷവുമായിട്ടാണ് അവര്‍ വിഷയങ്ങളെ വിലയിരുത്തിയതെന്ന് മനസ്സിലാക്കാന്‍. എന്തായാലും ആകെ 7635 ദേദഗതികളില്‍ 2437 എണ്ണത്തിനെ സ്വീകരിച്ചുകൊണ്ട് അഭിപ്രായ വ്യത്യാസങ്ങളും തിരുത്തലുകളുമെല്ലാമായി അഖണ്ഡഭാരതത്തിന് ഒരു ലിഖിത ഭരണ ഘടന സമ്മാനിച്ചതിനു ശേഷം മാത്രമേ ആ പ്രയത്നങ്ങള്‍ അവസാനിച്ചുള്ളുവെന്നത് ശ്ലാഘനീയം തന്നെയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement