Fri. Apr 19th, 2024
#ദിനസരികള്‍ 907

 

മണിമുഴക്കം – മരണം വരുന്നൊരാ-
മണിമുഴക്കം – മുഴങ്ങുന്നു മേൽക്കുമേൽ!
ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ-
ണുയരുവതനുമാത്രമെൻ ചുറ്റുമായ്!

മരണമേ, നീശമിപ്പിക്കുകൊന്നുനിൻ-
മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ
അരുതരുതെ,നിക്കീവിഷവായുവേ-
റ്റരനിമിഷമിവിടെക്കഴിയുവാൻ!
ധരയിതിൽ, കഷ്ട,മെന്തെന്‍ കളേബരം
വെറുമൊരു ശുഷ്കപാഷാണ പഞ്ജരം!

പരസഹസ്രം കൃമികീടരാശിതൻ-
വെറുമൊരാഹാരകേദാര ശേഖരം!
വെറുതെയെന്തിനതും ചുമന്നിങ്ങനെ
പൊരിവെയിലത്തലഞ്ഞു നടപ്പുഞാൻ?
അതു മണലിലടിയട്ടെ; ശാന്തിതൻ-
മൃദുലശയ്യയിൽ വിശ്രമിക്കട്ടെ ഞാൻ!

വിലപെടുമിപ്രപഞ്ചത്തിനില്ലൊരു
ഫലവുമെന്നെപ്പുലർത്തിയകൊണ്ടിനി!
മറവിൽ ഞാനടിയട്ടെ!-മജ്ജടം
മണലിലാണ്ടു ലയിക്കട്ടെ നിഷ്ഫലം.
……
മണിമുഴക്കം!…സമയമായ്…മാരണ-
മണിമുഴക്കം!…വരുന്നു…വരുന്നു ഞാൻ
പ്രിയകരമാം…പ്രപഞ്ചമേ…ഹാ!…
പ്രിയ…വെ…ള്ളി…ന…ക്ഷ..ത്ര..മേ!

മലയാളം മറക്കാത്ത ഒരു യാത്രാമൊഴിയാണ് ഇത്. ഉള്ളു പൊള്ളിക്കുന്ന ഒന്ന്. താന്‍ വിശ്വസിച്ച് പ്രണയിച്ചു പോന്നവള്‍ തന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ അതു സഹിക്കാനാവാതെ ഒരു മുഴം കയറില്‍ ജീവിതമൊടുക്കിയ ശപ്തനായ ഒരുവന്‍ ലോകത്തോട് അവസാനമായി പറഞ്ഞത്. പലപ്പോഴും നാം അവനെ വിഡ്ഢി എന്നു വിളിച്ചു, അപഹസിച്ചു. പക്ഷേ മരിക്കാന്‍ അവന് അവന്റേതായ ന്യായങ്ങളുണ്ടായിരുന്നു. തന്റെ നിത്യവിശുദ്ധമായ പ്രണയത്തിന്റെ തീക്ഷ്ണത ലോകത്തെ ബോധ്യപ്പെടുത്താന്‍ അവന്‍ കണ്ടെത്തിയ ഏക മാര്‍ഗ്ഗം ജീവിതം അവസാനിപ്പിക്കുക എന്നതു മാത്രമായിരുന്നു. തന്നെ ഉപേക്ഷിച്ചവളോടുള്ള പ്രതികാരം തന്നെപ്പറ്റിയുള്ള നിതാന്തവും ശമിക്കാത്തതുമായ ഓര്‍മ്മകളായി അവളെ തീണ്ടിയുണര്‍ത്തി പൊള്ളിച്ചു നിര്‍ത്തിക്കൊള്ളുമെന്നാണ് അവന്‍ ആഗ്രഹിച്ചത്.

മരണത്തെ ന്യായീകരിക്കാന്‍ രമണന്‍ ചിന്തിച്ചത് എന്തുതന്നെയായാലും നമുക്കതിനെ ന്യായീകരിക്കുക വയ്യ. ഒരു പ്രണയമുണ്ടാക്കിയ നൈരാശ്യം തീര്‍‌ക്കേണ്ടത് ജീവനൊടുക്കിയല്ല എന്നു നാം തടസ്സമുയര്‍ത്തും. ജീവിക്കുക എന്നതും ജീവിക്കാന്‍ അനുവദിക്കുക എന്നതും ഏതൊരാളുടേയും അവകാശമായി പരിഗണിക്കുന്ന മനസ്സുകള്‍ക്ക് അത്തരമൊരു സമീപനം മാത്രമേ സ്വീകരിക്കാനും കഴിയൂ. അതുകൊണ്ട് പ്രണയ തിരസ്കാരത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തവനെ നാം വിഡ്ഡിയെന്ന് സംശയ ലേശമെന്യേ വിശേഷിപ്പിക്കും.

പക്ഷേ ഇന്നാകട്ടെ താന്‍ പ്രണയിക്കുന്നതുകൊണ്ട് തന്നേയും പ്രണയിക്കണമെന്ന് വാശിപിടിക്കുന്നവര്‍ അതിനു വിസമ്മതിക്കുന്നവരെ പച്ചക്കു കത്തിക്കുന്നു. മൂര്‍ച്ചയില്‍ കോര്‍ത്തെടുക്കുന്നു. ആസിഡില്‍ ഉരുക്കിയൊടുക്കുന്നു. അത്തരത്തിലുള്ള എത്രയെത്ര വാര്‍ത്തകളാണ് ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നത്? ഇക്കഴിഞ്ഞ ദിവസം അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പം കിടന്നുറങ്ങിയ ഒരു പതിനേഴുകാരിയെ ഭ്രാന്തനായ ഒരു യുവാവ് വീടിനുള്ളില്‍ കടന്നു കയറി പെട്രോളില്‍ മുക്കി കത്തിച്ചു കളഞ്ഞത് വായിച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുപോയിട്ടില്ല. എന്തു തെറ്റാണ് ആ കുഞ്ഞ് ചെയ്തത്? ഇതിനെ എങ്ങനെയാണ് പ്രണയമെന്ന് വിളിക്കുക? നമുക്കു ചുറ്റും ഇത്തരം വാര്‍ത്തകള്‍ വര്‍ദ്ധിച്ചു വരുന്നു. ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത അവസ്ഥയിലേക്ക് അതെത്തി നില്ക്കുന്നു.

അതുകൊണ്ട്, വേദനയോടെയാണെങ്കിലും തന്റെ പ്രണയത്തെ തിരസ്കരിക്കുന്നവരെ ഇല്ലാതാക്കുന്നതിനെക്കാള്‍ രമണന്മാരുണ്ടാകുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.