Sun. Dec 22nd, 2024
#ദിനസരികള്‍ 774

കേരളത്തിൽ ഒരേയൊരിടത്തിലാണ്‌ എൽ.ഡി.എഫ് വിജയിച്ചത്. ആ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?

 

ഉത്തരം:

സത്യത്തിൽ കേരളം പരാജയപ്പെട്ടുവെന്ന് ഞാൻ തീർച്ചപ്പെടുത്തിയത് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോഴാണ്. കേരളം മുഴുവനായും വലതു പക്ഷം നീട്ടിയ ചൂണ്ടക്കഴുത്തിൽ കൊത്തി കുടുങ്ങിക്കിടന്നപ്പോൾ ആലപ്പുഴയിലെ വിജയം വേറിട്ടു നിന്നു. ഷാനിമോൾ ഉസ്മാൻ എന്ന വനിതാ സ്ഥാനാർത്ഥിയെ കീഴടക്കി ആരിഫ് വിജയിച്ചു കയറിയപ്പോൾ പരാജയപ്പെട്ടത് കേരളത്തിന്റെ ഇടതു പക്ഷ മനസ്സായിരുന്നു. നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞർ ആഴത്തിൽ വിശകലനം നടത്തേണ്ട ഒന്നാണ് ഷാനിമോൾ ഉസ്മാന്റെ പരാജയം.

സത്യസന്ധമായി പറഞ്ഞാൽ കക്ഷികൾ പ്രചരിപ്പിച്ച ഒരു തരത്തിലുള്ള വേലകളിലും മറ്റു മണ്ഡലങ്ങളിലെന്ന പോലെ ആലപ്പുഴക്കാർ കുരുങ്ങിയില്ലെന്ന് നമുക്ക് മനസിലാകും. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ പത്തൊമ്പതു മണ്ഡലങ്ങളിലും സംഭവിച്ചതിന്റെ തനിയാവർത്തനമായിരുന്നു ആലപ്പുഴയിലും മോദിയിൽ നിന്നും രക്ഷപ്പെടുവാനുള്ള ഒരേയൊരു മാർഗ്ഗം ഒറ്റക്കെട്ടായി രാഹുലിന്റെ കോൺഗ്രസിന് വോട്ടു ചെയ്യുക എന്നാണെന്ന് ചിന്തിച്ചേനെ. അത് നമുക്ക് വർഗ്ഗീയതയ്ക്ക് വിരുദ്ധമായ വിലയിരുത്തലായി കണ്ട് സമാശ്വസിക്കുവാൻ കഴിയുമായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു കരുതലായിരുന്നില്ല ആലപ്പുഴയിൽ സംഭവിച്ചത് എന്ന കാര്യം നവോത്ഥാന മൂല്യങ്ങൾക്കു വേണ്ടി പടപ്പാട്ടു പാടുന്നവരെ നിരാശപ്പെടുത്തും.

അപ്പോൾ ഒറ്റവാക്കിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ പരാജയപ്പെട്ടതിന്റെ കാരണം മുസ്ലീം ന്യൂന പക്ഷത്തിന്റെ ഇടയിൽ നിലനില്ക്കുന്ന യാഥാസ്ഥിതികമായ താല്പര്യങ്ങളാണ് എന്ന് പറയേണ്ടി വരും. വേദനാ ജനകമാണെങ്കിലും ഈ സത്യത്തെ നാം അഭിമുഖീകരിച്ചേ തീരൂ. ഇത് ഉച്ചത്തിൽ വിളിച്ചു പറയുവാനും തിരുത്തുവാനും പൊതു സമൂഹം തയ്യാറാകുന്നില്ല എങ്കിൽ മത ജാതി വർഗീയതയുടെ പേരിൽ നാം എത്രമാത്രം തിരുത്തുവാൻ ശ്രമിച്ചാലും ഒരു ന്യൂന പക്ഷം നമ്മുടെ സങ്കല്പങ്ങൾക്കെല്ലാം അപ്പുറത്ത് തികച്ചും യാഥാസ്ഥിതികരായി ഇഴുകിക്കഴിയും.

ആ അർത്ഥത്തിൽ ഏതൊരു ആശയത്തിനു വേണ്ടിയാണോ ആരിഫ് അടക്കമുള്ള ഇടതു പക്ഷം നിലയുറപ്പിച്ചത് അതേ ആശയത്തിന്റെ പരാജയമായിരുന്നു ആരിഫിന്റെ വിജയം എന്നു ഖേദപൂർവ്വം പറയേണ്ടി വരുന്നു.
ഈ പരാജയം ജനാധിപത്യ വേദികളിൽ വിശ്വാസികളായ സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്ന പ്രക്രിയ ത്വരിത ഗതിയിലാക്കും. അല്ലെങ്കിൽ തന്നെ പർദ്ദയിൽ മൂടി പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി എടുക്കുവാൻ തത്പര കക്ഷികൾ കൊണ്ടു പിടിച്ചു ശ്രമിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. അതുകൊണ്ട് കേരളത്തിലെ പൊതു സമൂഹം ഈ പരാജയത്തെ അതിവിശാലവും മതനിരപേക്ഷവുമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതാണ്. മത സ്വാധീനങ്ങൾക്ക് വഴങ്ങിപ്പോകാതെ നാമതു സത്യസന്ധമായി നിറവേറ്റിയില്ലെങ്കിൽ മുസ്ലിം വനിതകൾ പതിയെപ്പതിയെ പൊതു വേദികളിൽ നിന്നും അസ്തമിച്ചു പോകുന്നത് നാം കാണേണ്ടി വരും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

One thought on “ഷാനിമോൾ ഉസ്മാന്റെ പരാജയം കേരളത്തിന്റെയും പരാജയം”
  1. […] (പ്രസ്തുത പരാജയത്തെ മുന്‍നിറുത്തി അന്ന് ഞാനെഴുതിയത്, “ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ പരാജയപ്പെട്ടതിന്റെ കാരണം മുസ്ലീം ന്യൂന പക്ഷത്തിന്റെ ഇടയിൽ നിലനില്ക്കുന്ന യാഥാസ്ഥിതികമായ താല്പര്യങ്ങളാണ് എന്ന് പറയേണ്ടി വരും. വേദനാജനകമാണെങ്കിലും ഈ സത്യത്തെ നാം അഭിമുഖീകരിച്ചേ തീരൂ. ഇത് ഉച്ചത്തിൽ വിളിച്ചു പറയുവാനും തിരുത്തുവാനും പൊതു സമൂഹം തയ്യാറാകുന്നില്ല എങ്കിൽ മത ജാതി വർഗീയതയുടെ പേരിൽ നാം എത്രമാത്രം തിരുത്തുവാൻ ശ്രമിച്ചാലും ഒരു ന്യൂന പക്ഷം നമ്മുടെ സങ്കല്പങ്ങൾക്കെല്ലാം അപ്പുറത്ത് തികച്ചും യാഥാസ്ഥിതികരായി ഇഴുകിക്കഴിയും. ആ അർത്ഥത്തിൽ ഏതൊരു ആശയത്തിനു വേണ്ടിയാണോ ആരിഫ് അടക്കമുള്ള ഇടതു പക്ഷം നിലയുറപ്പിച്ചത് അതേ ആശയത്തിന്റെ പരാജയമായിരുന്നു ആരിഫിന്റെ വിജയം എന്നു ഖേദപൂർവ്വം പറയേണ്ടി വരുന്നു” എന്നായിരുന്നു. (ലിങ്ക് ഇവിടെ.) […]

Leave a Reply

Your email address will not be published. Required fields are marked *