ന്യൂഡൽഹി:
രണ്ടാം ഊഴം നേടി ഇന്ത്യയുടെ ഭരണത്തലപ്പത്തെത്തിയ മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്നു ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ ക്യാബിനറ്റ് അംഗീകാരം നല്‍കുക. നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട വിദ്യാഭ്യാസ മേഖലയില്‍ സമ്പൂർണ്ണ പരിഷകരണമാണ്. ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും. ഇന്നു ചേരുന്ന ക്യാബിനറ്റ് ഈ നൂറുദിന കര്‍മപരിപാടികള്‍ക്ക് അംഗീകാരം നല്‍കിയേക്കും. ഇതിനു പുറമെ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളും ക്യാബിനറ്റിന്റെ പരിഗണനക്ക് വന്നേക്കും. നിലവില്‍ കാബിനറ്റ് സെക്രട്ടറിയായിട്ടുള്ള പ്രദീപ് കുമാര്‍ സിന്‍ഹയുടെ കാലാവധി ജൂണ്‍ 12 ന് അവസാനിക്കുന്നതിനാൽ പുതിയ മോദി സര്‍ക്കാരിന്റെ ക്യാബിനറ്റ് സെക്രട്ടറിയായി രാജീവ് ഗൌബ ചുമതലയേല്‍ക്കുമെന്നാണ് സൂചന.
എല്ലാവര്‍ക്കും തുല്യതയുള്ള പുതിയ ഇന്ത്യ എന്ന വാഗ്ദാനം നല്‍കിക്കൊണ്ട് നരേന്ദ്ര മോദി രണ്ടാം ഇന്നിങ്‌സിന്
ഇന്നലെയാണു തുടക്കം കുറിച്ചത്. ഇന്നലെ വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രണ്ടാം മോദി സര്‍ക്കാരിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വദേശത്തും വിദേശത്തും നിന്നുമുള്ള എണ്ണായിരത്തോളം അതിഥികളെ സാക്ഷി നിര്‍ത്തിയായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ അതിപ്രൗഢമായ തുറന്ന വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍. നരേന്ദ്ര മോദിയാണ് ആദ്യം സത്യവാചകം ചൊല്ലിയത്. രണ്ടാമനായി രാജ്‌നാഥ്‌സിംഗും മൂന്നാമനായി അമിത്ഷായും.