ഭുവനേശ്വർ:
ഒഡീഷയുടെ മുഖ്യമന്ത്രിയായി നവീൻ പട്‌നായിക് ഇന്നു സത്യപ്രതിജ്ഞ ചെയ്യും. അഞ്ചാമത്തെ തവണയാണ് അദ്ദേഹത്തെ ഒഡീഷ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നത്.
ബി.ജെ.ഡി. പ്രസിഡന്റും, മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിനു, സംസ്ഥാനത്തെ അടുത്ത സർക്കാർ രൂപീകരിക്കാനായി, ഒഡീഷ ഗവർണറായ ഗണേഷി ലാൽ, ഞായാറാഴ്ച അനുവാദം നൽകി.
സത്യപ്രതിജ്ഞാച്ചടങ്ങുകൾ ഇന്നു രാവിലെ 10.30 ന് ഭുവനേശ്വറിലെ എക്സിബിഷൻ ഗ്രൌണ്ടിൽ നടക്കും.
റാണേന്ദ്ര പ്രതാപ് സ്വൈൻ, ബിക്രം കേസരി ആരൂഖ, നബ കിഷോർ ദാസ്, പ്രതാപ് ജേന, പ്രഫുല്ല കുമാർ മല്ലിക്, നിരഞ്ജൻ പൂജാരി, സുദാം മാർണ്ഡി, സുശാന്ത സിങ്, തുകുനി സാഹു, അരുൺ കുമാർ സാഹു, പദ്മനാവ് ബെഹറ എന്നിവർ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
ഒഡീഷ നിയമസഭയിലേക്കുള്ള 140 സീറ്റിലേക്കും, ലോക്സഭയിലേക്കുള്ള 20 സീറ്റിലേക്കും ഉള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചാണു നടന്നത്.
പട്‌നായിക്ക് ഹിഞ്ജ്‌ലി മണ്ഡലത്തിൽ നിന്നും, ബീജാപ്പൂരിൽ നിന്നും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ 21 സീറ്റിലെ 12 സീറ്റും, നിയമസഭ തിരഞ്ഞെടുപ്പിൽ 147 സീറ്റിലെ 112 സീറ്റും ബി.ജെ.ഡി. നേടിയിരുന്നു.
2000 ത്തിലാണ് നവീൻ പട്‌നായിക് ആദ്യമായി ഒഡീഷ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.