Fri. Jan 3rd, 2025
ദുബായ്:

വന്‍കിട നിക്ഷേപകര്‍, സംരംഭകര്‍, മികവുറ്റ ഗവേഷകര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് യു.എ.ഇ. അനുവദിക്കുന്ന ദീര്‍ഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയത്.

പത്തുവര്‍ഷത്തേക്കുള്ള വിസയ്ക്ക് 1150 ദിര്‍ഹമാണ് നിരക്ക്. അപേക്ഷാ ഫീസ് 150 ദിര്‍ഹവും വിസയുടെ നിരക്ക് 1000 ദിര്‍ഹവുമാണ്. അഞ്ചുവര്‍ഷത്തേക്കുള്ള വിസയുടെ നിരക്ക് 650 ദിര്‍ഹമാണ്. അപേക്ഷാ ഫീസ് 150 ദിര്‍ഹവും വിസ നിരക്ക് 500 ദിര്‍ഹവുമാണ്.

നിക്ഷേപത്തിന്റെ തോതനുസരിച്ച് രണ്ടു വിഭാഗങ്ങളായാണ് വന്‍കിട നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വീസ അനുവദിക്കുക. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 50 ലക്ഷം ദിര്‍ഹമോ അതിലധികമോ മൂല്യമുള്ള ആസ്തിയില്‍ നിക്ഷേപമിറക്കിയവര്‍ക്ക് അഞ്ചു വര്‍ഷ വിസ അനുവദിക്കും. മറ്റു കമ്പനികളിലും ബിസിനസ് പങ്കാളിത്തത്തിലും മറ്റുമായി ഒരു കോടി ദിര്‍ഹമോ അതിലധികമോ വരുന്ന പൊതുനിക്ഷേപം നടത്തിയവര്‍ക്കും, മേല്‍ സൂചിപ്പിച്ച റിയല്‍ എസ്റ്റേറ്റ് ഇതര മേഖലകളിലായി മൊത്തം ഒരു കോടിയില്‍ കുറയാത്ത നിക്ഷേപം നടത്തിയവര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വീണ്ടും പുതുക്കാവുന്ന വിസ അനുവദിക്കും. നിക്ഷേപിച്ച തുക വായ്പ എടുത്തതാകാന്‍ പാടില്ലെന്ന വ്യവസ്ഥയുമുണ്ട്. ഇത് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.

ചുരുങ്ങിയത് മൂന്നു വര്‍ഷം കാലാവധിയുള്ള നിക്ഷേപമായിരിക്കണം. ഒരു കോടി ദിര്‍ഹം നിക്ഷേപമിറക്കിയ ബിസിനസ് പങ്കാളികള്‍ക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കും ഒരു അഡ്വൈസര്‍ക്കും ദീര്‍ഘകാല വിസ അനുവദിക്കും.

ശാസ്ത്ര, സാങ്കേതിക, ഗവേഷണ, കലാ സാംസ്‌കാരിക രംഗങ്ങളില്‍ മികവുറ്റവര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കും. ഇവരുടെ കുടുംബാംഗങ്ങൾക്കും ഇതു ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കാന്‍ വേണ്ടത് ബന്ധപ്പെട്ട മേഖലകളില്‍ കാലാവധിയുള്ള ഒരു തൊഴില്‍ കരാര്‍ ആണ്. വിവിധ വിഭാഗക്കാര്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.

ലോകത്തെ മികച്ച 500 യൂണിവേഴ്‌സിറ്റികളില്‍ ഒന്നില്‍ നിന്ന് പി.എച്ച്.ഡി. ബിരുദം നേടി പ്രവർത്തന മികവ് തെളിയിച്ചവരും, സ്പെഷലൈസ്ഡ് ഡോക്ടർമാരും, കലാ സാംസ്‌കാരിക രംഗത്തെ സര്‍ഗ പ്രതിഭകള്‍, സംരംഭകർ എന്നിവരും ദീർഘകാല വിസക്ക് അർഹരാണ്.

അറിയപ്പെട്ടതും രാജ്യാന്തര അംഗീകാരമുള്ളതുമായ മുന്‍നിര കമ്പനി ഉടമകള്‍, മികച്ച വിദ്യാഭ്യാസ, പ്രൊഫഷണല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ഉന്നത പദവികള്‍ വഹിക്കുകയും ചെയ്തവര്‍, മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ള മിടുക്കരായ വിദ്യാർത്ഥികൾ എന്നിവർക്കും അഞ്ചു വർഷത്തെ വിസക്ക് അപേക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *