മുംബൈ :
എക്സിറ്റ് പോൾ ഫലം പുറത്തു വന്നതിനു പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിച്ചു കയറ്റം. പത്തു വർഷത്തിനിടയിൽ ഒരു ദിവസം ഉണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇന്നലെ മാർക്കറ്റ് കണ്ടത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1421.90 പോയിന്റ് ഉയര്‍ന്ന് 39352.67 ലുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 421.10 പോയിന്റ് ഉയര്‍ന്ന് 11828 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. 2009 ന് ശേഷം ഇതാദ്യമായാണ് ഓഹരി വിപണിയില്‍ വന്‍ നേട്ടം കൊയ്യുന്നത്. ഈ ഉയർച്ചയോടെ ഇന്ത്യൻ ഓഹരി വിപണിയുടെ മൂല്യം (ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ഓഹരികളുടെ മൊത്തം മൂല്യം) 151 ലക്ഷം കോടി രൂപയായി. മൂന്നു പ്രവൃത്തിദിനം കൊണ്ട് 7.47 ലക്ഷം കോടി രൂപയാണു വിപണി മൂല്യത്തിലുണ്ടായ വർധന.
ഇത്തരത്തിൽ ഇന്നലെ വിപണിയിൽ നേട്ടമുണ്ടാക്കിയത് മോദിയുടെ അടുപ്പക്കാരാണെന്നുള്ളത് ശ്രദ്ധേയമാണ്. മോദി അധികാരത്തിൽ തിരിച്ചുവരുമെന്ന എക്‌സിറ്റ് പോളിന്റെ മാത്രം ബലത്തിൽ അദാനി ഗ്രൂപ്പിന്റെയും, റിലയൻസിന്റെയും നേട്ടം പതിനായിരക്കണക്കിന് കോടി രൂപയാണ്. അദാനി എന്റർപ്രൈസസിന്റെ വില ഇന്നലെ മാത്രം കൂടിയത് 29 ശതമാനമാണ്. അതുപോലെ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെയെല്ലാം ഓഹരികൾ കുതിച്ചു കയറി. അദാനി പവർ 16 ശതമാനവും അദാനി ഗ്രീൻ എനർജി 15 ശതമാനവും അദാനി ഗ്യാസ് 13 ശതമാനവും കൂടി.
ഇതോടെ ഈ എക്സിറ്റ് പോളുകൾ മോദിയുടെ അടുപ്പക്കാരായ വ്യവസായികൾക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന സംശയം ബലപ്പെടുകയാണ്. ചില എക്സിറ്റ് പോളുകളിൽ ഗുരുതര പിഴവുകളും കൂടി കണ്ടെത്തിയതോടെ എക്സിറ്റ് പോളുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. അതോടെ ഇന്ന് ഓഹരി വിപണി നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 382.87 പോയിന്റ് താഴ്ന്ന് 38969.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.20 പോയിന്റ് താഴ്ന്ന് 11709.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 970 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1560 കമ്പനികളുടെ ഒഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ബി.ജെ.പി ക്ക് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോളുകൾ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും, ഓഹരി വിപണി ഉയർത്താൻ ചില കമ്പനികൾക്കായി മെനഞ്ഞതാണ് എക്സിറ്റ് പോളുകളെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.