കോട്ടയം :
കേരളാ കോണ്‍ഗ്രസ് എമ്മിൽ ചെയര്മാന് പദവിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി വിളിച്ച് ചേർക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തും. പാർട്ടിയെ സ്നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചെയർമാൻ സ്ഥാനം തനിക്കും വർക്കിങ് ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്കുമെന്നാണ് പി.ജെ ജോസഫിന്റെ ഒത്തുതീർപ്പു നിർദേശം. പക്ഷെ ജോസ്. കെ . മാണി ഈ നിർദ്ദേശം തള്ളിക്കളഞ്ഞു.
പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് മറ്റ് കമ്മിറ്റികൾ വിളിക്കണമെന്ന നിലപാടിലാണ് ഇടക്കാല ചെയര്മാന് പി.ജെ.ജോസഫ്. സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യത്തിൽ തെറ്റില്ല. തർക്കം സമവായത്തിലൂടെ പരിഹരിക്കുമെന്നും കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും പി.ജെ.ജോസഫ് നിലപാടെടുത്തു. പാർലമെന്ററി പാർട്ടി നേതാവ് മരിച്ചാൽ ഡപ്യുട്ടി ലീഡറെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ഏൽപ്പിക്കണമെന്നാണു ചട്ടമെന്നും ജോസഫ് പറഞ്ഞു.
ഏതെങ്കിലുമൊരു നേതാവിന്റെ ബോധ്യത്തിന് അനുസരിച്ചല്ല ചെയർമാനെ കണ്ടെത്തേണ്ടതെന്ന് ജോസഫിനുള്ള മറുപടിയുമായി ജോസ്.കെ.മാണി വിഭാഗക്കാരനായ റോഷി അഗസ്റ്റിൻ എം.എൽ.എ രംഗത്തെത്തി. സംസ്ഥാന കമ്മിറ്റിയിൽ തിരഞ്ഞെടുപ്പിലൂടെ ചെയർമാനെ കണ്ടെത്തണമെന്നതാണു പാർട്ടി നിയമമെന്നു പറഞ്ഞ റോഷി, അതനുസരിച്ചു കാര്യങ്ങൾ നീങ്ങുമെന്നും ആവർത്തിച്ചു. ചെയർമാന്റെ കാര്യത്തിൽ ഏകാഭിപ്രായം ഉണ്ടായാലും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ. മാണിയും ആവശ്യപ്പെട്ടു. 23ന് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനകമ്മിറ്റി വിളിക്കാനാണ് ജോസ് കെ മാണി ആലോചിക്കുന്നത്.
പി. ജെ. ജോസഫ് വിഭാഗം പാർട്ടിയിലേക്ക് വന്നപ്പോൾ പ്രധാനപ്പെട്ട രണ്ട് സ്ഥാനങ്ങൾ മാണിക്കാണെന്ന് കരാറുണ്ടായിരുന്നു എന്നാണ് ജോസ്.കെ.മാണി വിഭാഗത്തിന്റെ വാദം. അതിനാൽ തന്നെ അതിൽ നിന്നും പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മാണി വിഭാഗത്തിന്റ നിലപാട്. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മാണി വിഭാഗം നേതാക്കൾ പാർട്ടി ഓഫീസിൽ യോഗം ചേർന്നാണ് കടുത്ത തീരുമാനവുമായി മുന്നോട്ട് പോകാൻ ധാരണയായത്. സമവായത്തിൽ കണ്ടെത്തിയ ചെയർമാനെതിരെ സംസ്ഥാന കമ്മിറ്റിയിൽ എതിർപ്പുയർന്നാൽ തിരഞ്ഞെടുപ്പു തന്നെ നടത്തണമെന്നാണു നിയമമെന്ന് ജോസ്. കെ. മാണി പറഞ്ഞു.
ഇതോടെ കേരള കോൺഗ്രസ്സ് മറ്റൊരു പിളർപ്പിലേക്ക് നീങ്ങാനുള്ള സൂചനകളാണ് തെളിയുന്നത്. പാർട്ടി ഭാരവാഹികൾക്കിടയിൽ ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് ജോസ്.കെ.മാണി വിഭാഗം സംസ്ഥാന കമ്മറ്റി വിളിക്കാൻ ആവശ്യപ്പെടുന്നത്. ഒരു പക്ഷെ ജോസഫ് വിഭാഗത്തെ വകവെക്കാതെ പാർട്ടിയിലെ മേൽക്കൈ ഉപയോഗിച്ച് ഏകപക്ഷീയമായി ജോസ്.കെ.മാണി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനും സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ പിളർപ്പ് അനിവാര്യമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.