Fri. Nov 22nd, 2024

ഭുവന്വേശർ:

ഇ​ന്ത്യ​യു​ടെ സ്പ്രി​ന്‍റ് താ​രം ദ്യു​തി ച​ന്ദ് തന്റെ സ്വവർഗ്ഗ ബന്ധം വെളിപ്പെടുത്തിയത് സ്വന്തം സഹോദരിയുടെ ഭീഷണി മൂലം. സ്വവർഗ്ഗ ബന്ധത്തിന്റെ പേരിൽ മൂത്ത സഹോദരി സരസ്വതി ചന്ദ് തന്നെ ക്രൂരമായി മർദ്ദിച്ചതായും, 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു‌​വെ​ന്നും ഭുവന്വേശറിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ദ്യു​തി ച​ന്ദ് ആരോപിച്ചു. സ​ഹോ​ദ​രി ത​ന്നെ മർദ്ദിച്ച കാര്യം താ​ൻ പോ​ലീ​സി​നെ അ​റി​യി​ച്ചി​​ട്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് സ്വ​വ​ർ​ഗ​ബ​ന്ധം പു​റ​ത്ത​റി​യി​ച്ച​തെ​ന്നും ദ്യു​തി ച​ന്ദ് പ​റ​ഞ്ഞു.

കഴിഞ്ഞ ദിവസമാണ് പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും ദ്യുതി വെളിപ്പെടുത്തിയത്. രണ്ടാം വർഷം ബി.എ യ്ക്കു പഠിക്കുന്ന ഒഡീഷയിലെ ഗോപാൽപുർ സ്വദേശിനിയായ എന്റെ നാട്ടുകാരിയുമായി അഞ്ചു വർഷമായി ഞാൻ സ്നേഹത്തിലാണ് എന്നായിരുന്നു ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തൽ.

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും, അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. പ്രണയിനി എന്നു പറയുന്ന പെൺകുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ഭീഷണിയെ തുടർന്നാണ് വിവാഹം കഴിക്കാൻ ദ്യുതി സമ്മതിച്ചെന്നായിരുന്നു സരസ്വതിയുടെ ആരോപണം. ഇതുപക്ഷേ ദ്യുതി നിരാകരിച്ചു. ഈ ബന്ധം അംഗീകരിക്കില്ലെന്ന് ദ്യുതിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്. ആ പെൺകുട്ടിക്ക് അമ്മയെപ്പോലെയാണ് ദ്യുതിയെന്നും പിന്നെ എങ്ങനെ വിവാഹം കഴിക്കുമെന്നും അമ്മ ചോദിച്ചു.

സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ അടുത്തിടെയുള്ള വിധിയുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും മുൻപു മാനഭംഗക്കേസിൽപ്പെട്ട ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാവാതിരിക്കാനാണു ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി പറഞ്ഞു. തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് 2012 ജൂണിൽ ഒരു യുവതിയാണ് പിങ്കിക്കെതിരെ കേസ് നൽകിയത്. പിന്നീടു പിങ്കിയെ കോടതി കുറ്റവിമുക്തയാക്കി.

ഏഷ്യൻ ഗെയിംസിൽ 2 വെള്ളി നേടിയ ദ്യുതി മുൻപു പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നരവർഷത്തോളം വിലക്കു നേരിട്ട താരമാണ്. തുടർന്ന് ദ്യു​തി​യെ ഗ്ലാ​സ്‌​ഗോ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​നു​ള്ള ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെയെത്തിയ കേസിനു ഒടുവിലാണ് ദ്യുതി ട്രാക്കിലേക്കു തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *