ന്യൂ ഡൽഹി :
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം പരിഗണിക്കുന്ന സമിതി അംഗം അശോക് ലവാസ കമ്മീഷന്റെ യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു. പെരുമാറ്റ ചട്ടലംഘന പരാതികൾ പരിഗണിക്കുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ വിഷയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അശോക് ലവാസ.
ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള വയനാട് മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമർശത്തിലും, പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.
പെരുമാറ്റ ചട്ടലംഘന പരാതികളിൽ ഏകപക്ഷീയമായാണ് മോദിക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതെന്നാണ് ലവാസയുടെ നിലപാട്. ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ലവാസ നേരത്തേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവിൽ അത് ഉണ്ടായിരുന്നില്ലെന്നും ലവാസ വ്യക്തമാക്കുന്നു.