Sun. Dec 22nd, 2024
#ദിനസരികള്‍ 760

ഒരു ജനതയെന്ന നിലയില്‍ ഒരു കാലത്ത് നാം എതിര്‍ത്തു പോന്നതും സമൂഹത്തിന്റെ പൊതുധാരയില്‍ ഒരു പരിധിവരെ അപ്രസക്തവുമായി മാറിയ ജാതീയത, അതിന്റെ സര്‍വ്വ പ്രതാപങ്ങളോടെയും നമുക്കിടയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. പൊതുധാരയില്‍ നിന്നും അപ്രസക്തമായി എന്ന പ്രയോഗം തെറ്റായേക്കാം. കാരണം ചില ജാതി വിരുദ്ധ ചിന്തകള്‍ക്കുണ്ടായ മേല്‍‌ക്കോയ്മ കാരണം അങ്ങനെ തോന്നുന്നതുമാകാം. തന്റെ വിഷപ്പത്തിക്ക് അടി കിട്ടുമെന്ന ഭയത്താല്‍ ഒരല്പം പിന്നിലേക്കു മാറിയതുമാകാം, ഏതായാലും ഒരു അടങ്ങലുണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നുവെച്ച് ഇന്ത്യയുടെ മനസ്സില്‍ നിന്നും ജാതിയും അതിനെ നിലനിറുത്തുന്ന ശ്രേണിബദ്ധമായ വര്‍ണ വ്യവസ്ഥയും ഒരു കാലത്തും മാറിനിന്നിട്ടുണ്ടെന്ന് കരുതരുത്.

ഇവിടെ ദുര്യോഗമെന്താണെന്നു വെച്ചാല്‍ പതിയെപ്പതിയെ അപ്രസക്തമായിക്കൊണ്ടിരിക്കുന്നുവെന്ന് നാം ചിന്തിച്ചു പോയ ജാതീയത, വര്‍ത്തമാനകാലത്ത് അധികാരത്തിലേക്കുളള്ള കുറുക്കുവഴിയായി ഹിന്ദുത്വവാദികള്‍ മതവിശ്വാസത്തെ ഉപയോഗിക്കാന്‍ തുനിഞ്ഞിറങ്ങിയതോടെ അതിന്റെ മുഴുവന്‍ വേഷഭൂഷാദികളോടെയും മൂലസ്ഥാനത്തേക്ക് എഴുന്നെള്ളിയെത്തിയിരിക്കുന്നുവെന്നതാണ്. ഈ തിരിച്ചുവരവില്‍ മതേതരത്വ ജനാധിപത്യ മനസ്സുകള്‍ ആശങ്കാകുലരാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പിന്‍പറ്റി സ്വാഭാവികമായും ന്യൂനപക്ഷ വര്‍ഗ്ഗീയതയും കുതിച്ചു കയറുകയാണ്. മമത്തിലേക്ക് കൂടുതല്‍ കൂടുതലായി ഒതുങ്ങാന്‍ അവര്‍ വ്യക്തികളെ നിര്‍ബന്ധിക്കുന്നു. പര്‍ദ്ദയടക്കമുള്ള മത ചിഹ്നങ്ങള്‍ ഒഴിച്ചു കൂടാനാകാത്തതാണെന്ന് വ്യാഖ്യാനിച്ച് അംഗീകരിപ്പിക്കുന്നു.

ഒരു സാമൂഹിക നീതിയുടെ, ഒരു ജനാധിപത്യ ബോധത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഈ കെടുതികളെ വിമര്‍ശിക്കാനും എതിര്‍ക്കാനും തയ്യാറാകുന്നവര്‍ തുലോം കുറവാണ്. കേവലമായ ഒരാരോപണമായി നാമിതിനെ കാണരുത്. ഹിന്ദുവിന് മാത്രമേ ഹിന്ദുവിനെ വിമര്‍ശിക്കുവാന്‌ പാടുള്ളു എന്നൊരു പൊതുബോധം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഹിന്ദുത്വയുടെ നീക്കങ്ങളെ വിമര്‍ശിക്കുന്നവര്‍ ആദ്യം തന്നെ താനൊരു ഹിന്ദുവാണ് എന്ന് മുന്‍ ജാമ്യം എടുക്കുന്നു. അതിനു ശേഷമാണ് തനിക്ക് പറയാനുള്ളതുതന്നെ പറയുക. ഒരവിശ്വാസിക്കോ ഇതരമത വിശ്വാസിക്കോ എന്തിന് ഒരു യുക്തിവാദിക്കുപോലും സ്വതന്ത്രമായി മതത്തെ വിമര്‍ശിക്കാനും തിരുത്താനും കഴിയുന്ന സാഹചര്യങ്ങള്‍ ഇന്ന് നിലവിലില്ല. ധബോല്‍ക്കറും പന്‍സാരേയും കല്‍ബുര്‍ഗിയും ഗൌരിയുമൊക്കെ നമ്മുടെ കണ്‍മുന്നിലെ ഉദാഹരണങ്ങളാണ്. അനന്തമൂര്‍ത്തിയും എംടിയും അടക്കമുള്ളവരെ അവരെങ്ങനെയാണ് നേരിട്ടത് എന്നു കൂടി പരിശോധിക്കുക.

കോണ്‍ഗ്രസ്സ് രാഷ്ട്രീയ പ്രസ്ഥാനം കാലാകാലങ്ങളില്‍ മതങ്ങളോട് നടത്തിയ കൊടുക്കല്‍ വാങ്ങലുകള്‍ മതവക്താക്കളുടെ ഇടപെടല്‍‌ ശേഷിയെ സ്വതന്ത്ര ഭാരതത്തില്‍ വളരെയേറെ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിച്ച ഒന്നാണ്. അഥവാ ഒന്നു കൂടി കര്‍ക്കശമായിപ്പറഞ്ഞാല്‍ കോണ്‍ഗ്രസ് വലതുപക്ഷ കക്ഷിയുടെ സ്വാഭാവികമായ പരിണതി ഹിന്ദുത്വയിലേക്ക് എത്തിപ്പെടുക എന്നതുതന്നെയാണ്. ആ പരിണാമത്തിന്റെ ഘട്ടത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിൽ നിന്നും മതവാദത്തിലേക്ക് ഏറെ ദൂരമില്ലെന്നത് ഒളിഞ്ഞും തെളിഞ്ഞും മതത്തിന്റെ വലയങ്ങളിലേക്ക് ചെന്നു കയറുന്ന നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

ഇവിടെയാണ് അംബേദ്‌കറെപ്പോലെ നിര്‍ഭയനായ ഒരു വിമര്‍ശകനെ നാം പ്രതീക്ഷിക്കുന്നത്. അദ്ദേഹം നടത്തിയ മതജാതി വിരുദ്ധ ഇടപെടലുകളില്‍ കോണ്‍ഗ്രസിനേയും അതിന്റെ നയരൂപീകരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഗാന്ധിയേയും തുറന്നെതിര്‍തിര്‍ത്തിട്ടുണ്ട്. ഒരു ശരാശരി വലതുപക്ഷക്കാരനില്‍ നിന്നും ഒട്ടും വളരാതിരുന്ന ഗാന്ധി എന്നാല്‍ ജനതയിലുണ്ടാക്കിയെടുത്ത സ്വാധീനം അസാധാരണമായിരുന്നു. തന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ ആ സ്വാധീനത്തെ കൂടുതല്‍ക്കൂടുതല്‍ ബലപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ശ്രേണിബദ്ധമായ ജാതിയതേയും അതിന് ആധാരമായിരിക്കുന്ന മതത്തേയും ഗാന്ധി ഒരിക്കലും തള്ളിപ്പറഞ്ഞില്ലെന്നു മാത്രവുമല്ല, മിക്കപ്പോഴും ശക്തമായി ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ അംബേദ്കറാകട്ടെ ഹിന്ദുമതത്തിന്റെ നെറികേടുകളേയും അതിന് താങ്ങായി നില്ക്കുന്ന കോണ്‍ഗ്രസിനേയും ഗാന്ധിയേയും ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തു വരാനും ഇത്തരത്തിലുള്ള ഒരു കെട്ട മതത്തില്‍ ജനിച്ചുവെങ്കിലും അതില്‍ മരിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദുമതം വെടിയുകയും ബുദ്ധമതത്തിലേക്ക് ചേരുകയും ചെയ്തു.

അംബേദ്‌കറെ നിഷേധിച്ചുകൊണ്ട് ഹിന്ദുമതത്തിന് താങ്ങും തണലുമായി നിന്നത് ഗാന്ധിയും കോണ്‍ഗ്രസും തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന ദുഖകരമായ അവസ്ഥകള്‍ക്ക് കാരണമായിരിക്കുന്നത് ഈ രണ്ടു കൂട്ടരും തന്നെയാണ് എന്ന കാര്യം തര്‍ക്കമറ്റതാണ്.

ഹിന്ദുത്വയുടെ തണലില്‍ രാജ്യം നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അംബേദ്‌കറുടെ നിശിതമായ വിമര്‍ശന പരിപാടികളെത്തേടി ഒരരനൂറ്റാണ്ടെങ്കിലും പിന്നിലേക്ക് നാം സഞ്ചരിക്കേണ്ടിയിരിക്കുന്നു. അത്തരമൊരു സഞ്ചാരത്തിന് അംബേദ്‌കറുടെ “ഗാന്ധിയും കോണ്‍ഗ്രസും തൊട്ടുകൂടാത്തവരോട് ചെയ്തതെന്ത് “(WHAT CONGRESS AND GANDHI HAVE DONE TO THE UNTOUCHABLES”) എന്ന ഗ്രന്ഥം തുടക്കമാകും

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *