തിരുവനന്തപുരം:
ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ ‘യു.എന്‍. റിക്കവറി ഓഫീസ്’ തിരുവനന്തപുരത്ത് ദുരന്തനിവാരണ അതോറിറ്റിയില്‍ പ്രവർത്തനമാരംഭിച്ചു. നവകേരള നിര്‍മാണത്തിന് വിവിധ മേഖലകളില്‍ ഏറ്റവും മികച്ച മാതൃക നടപ്പാക്കാന്‍ റിക്കവറി ഓഫീസ് സഹായിക്കും. ഇതിനായി വിദേശ രാജ്യങ്ങളില്‍ റോഡ്, ഭവനം, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച മാതൃകകള്‍ പരിശോധിക്കുകയും അത് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രവര്‍ത്തിക്കുന്ന വിവിധ യു.എന്‍ ഏജന്‍സികളായ യുണിസെഫ്, യു.എന്‍.ഡി.പി, യുനെസ്‌കോ, യുനെപ് തുടങ്ങിയ ഏജന്‍സികളെ ഇത് ഏകോപിപ്പിക്കും. ഏജന്‍സികളുടെ ഏകോപനം, നവകേരള നിര്‍മാണത്തിന് മികച്ച മാതൃക നടപ്പാക്കല്‍, വിഭവ സമാഹരണം എന്നിവയ്ക്കും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിനും സഹായം നല്‍കുക തുടങ്ങിയവയാണ് റിക്കവറി ഓഫീസിന്റെ ചുമതല.