തിരുവനന്തപുരം :
കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് റീപോളിംഗ്. വെള്ളിയാഴ്ച വൈകുന്നേരം വരെ പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി.
കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.
നാല് ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി.
കള്ളവോട്ട് നടന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പരാതികളും കളക്ടർമാരുടെ അന്വേഷണ വിവരങ്ങളും ഉൾപ്പെടെയുള്ള റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കമ്മീഷന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീപോളിംഗ്.കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. കള്ളവോട്ടിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
നാല് ബൂത്തുകളിൽ റീ പോളിംഗ് നടത്താനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. റീ പോളിംഗ് നടത്താനുള്ള തീരുമാനം കള്ളവോട്ടിനെതിരെ കോൺഗ്രസ് നടത്തിയ പോരാട്ടത്തിന്റെ ജയമാണെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്.