ലാഹോർ:
ഇന്ത്യക്കായി വ്യോമപാത ഉടൻ തുറന്നുകൊടുക്കേണ്ടതില്ലെന്ന് പാക്കിസ്ഥാൻ. ഈ മാസം 30 വരെ വ്യോമപാതകൾ അടച്ചിടാൻ പാക്കിസ്ഥാൻ തീരുമാനിച്ചു. ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ ആരു വരുമെന്ന് അറിഞ്ഞിട്ട് ഇക്കാര്യം ആലോചിച്ചാൽ മതിയെന്നാണ് തീരുമാനം എന്ന് പാക് ശാസ്ത്ര – സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി. ബുധനാഴ്ച പാക് സിവിൽ ഏവിയേഷന്റെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ വകുപ്പിലെ ഉന്നതരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ഫെബ്രുവരി 27 ന് ആണ് പാക് വ്യോമപാത അടച്ചത്. ബാലാകോട്ട് വ്യോമാക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം എല്ലാ വിമാനത്താവളങ്ങളും അടച്ചിച്ചിടാൻ പാക്കിസ്ഥാൻ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം വ്യോമപാതയും അടച്ചിട്ട് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളുടെ സർവീസുകൾ പൂർണമായും നിർത്തലാക്കി.
എന്നാൽ വ്യോമ പാത അടച്ചത് മൂലം പാക്ക് വിമാന കമ്പനികൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നതോടെ മാര്‍ച്ച് 26ന് പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പി.ഐ.എ യ്ക്കു വേണ്ടി എയര്‍പോര്‍ട്ടുകള്‍ തുറന്നു. രാജ്യാന്തര വിമാനങ്ങളും അനുവദിച്ചു. ഒമാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകളും തുറന്നു.
കഴിഞ്ഞ ദിവസം വ്യോമപാത തെറ്റിച്ച് പറന്ന കാർഗോ വിമാനത്തെ ഇന്ത്യൻ വ്യോമസേന ജയ്പൂർ വിമാനത്താവളത്തിൽ നിർബന്ധമായി ഇറക്കിപ്പിച്ചിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നുളള ആന്റണോവ് എഎന്‍-12 വിമാനം നിശ്ചയിച്ചിരുന്ന വ്യോമപാതയില്‍ നിന്നും വേര്‍തിരിഞ്ഞ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഇന്ത്യൻ വ്യോമസേന കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി.
റാൻ ഓഫ് കച്ചിന് 70 കിലോമീറ്റർ വടക്ക് മാറിയുള്ള വ്യോമപാതയിലേക്കാണ് അനധികൃതമായി വിമാനം കടന്നത്. ഇത് യാത്രാ വിമാനങ്ങൾ വിലക്കിയിരിക്കുന്ന വ്യോമപാതയാണ്. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങളാണ് കാർഗോ വിമാനത്തെ താഴെ ഇറക്കിപ്പിച്ചത്.