#ദിനസരികള്‍ 759
ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സേയാണ് എന്ന് കമലാഹാസന്‍ പറഞ്ഞതില്‍ എന്താണ് തെറ്റായിട്ടുള്ളത്? ആ പ്രസ്താവനക്കെതിരെ സംഘടിതമായ ആക്രമണങ്ങളാണ് സംഘപരിവാരം അദ്ദേഹത്തിനെതിരെ അഴിച്ചുവിട്ടത്. ഏകദേശം അമ്പതോളം കേസുകളില്‍ അദ്ദേഹം പ്രതിയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ മക്കള്‍ നീതി മന്റം നിരോധിക്കണമെന്നും ഗോഡ്‌സേ അനുകൂലികള്‍ ആവശ്യപ്പെടുന്നു.
തനിക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. അറസ്റ്റു ചെയ്യപ്പെടണ്ടയെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് സമീപിക്കണമെന്ന നിര്‍ദ്ദേശമാണ് കമലാഹാസന് ലഭിച്ചത്. തികച്ചും വസ്തുതാപരമായ ഒരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കമലാഹാസനെപ്പോലെയുള്ള ഒരാളെ ഭീഷണിപ്പെടുത്തിയും നിയമസംവിധാനങ്ങളെ തെറ്റായി ഉപയോഗിച്ചും സംഘപരിവാരം നടത്തുന്നത് ഭീകരവാഴ്ച തന്നെയാണ്.
ഗോഡ്‌സേയെ ഹിന്ദുത്വയുടെ പോരാളിയും അതുവഴി വിശുദ്ധനുമാക്കാനുള്ള ശ്രമങ്ങള്‍ ആറെസ്സെസ്സും കൂട്ടരും കൊണ്ടുപിടിച്ച് നടത്താന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ആള്‍ബലവും ആയുധബലവുമ ഉപയോഗിച്ച് ഗോഡ്സേയെക്കുറിച്ചുള്ള വിരുദ്ധ പരാമര്‍ശങ്ങളുണ്ടാകുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ത്തുവാനും ഒരു പരിധിവരെ അതില്‍ വിജയിക്കുവാനും പരിവാരത്തിന് കഴിഞ്ഞിട്ടുണ്ട്.
ചരിത്രം പറയുന്നത്.
ഗാന്ധിയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനമെടുക്കുമ്പോള്‍ ഹിന്ദു മഹാസഭയുടേയും ആറെസ്സെസ്സിന്റേയും സജീവ പ്രവര്‍ത്തകനായിരുന്ന ഗോഡ്‌സേയുടെ മനസ്സില്‍ ഗാന്ധിയുടെ ഹിന്ദുവിരുദ്ധ സമീപനങ്ങളെക്കുറിച്ചുള്ള വിദ്വേഷം നിറഞ്ഞ ധാരണകള്‍ മാത്രേമേയുണ്ടായിരുന്നുള്ളു. ഗാന്ധി മുസ്ലിം സമുദായത്തിനു വേണ്ടി അവിഹിതമായി ഇടപെടുന്നുവെന്നും ഹിന്ദുജനതയെ അവഗണിക്കുന്നുവെന്നും ഗോഡ്‌സേ കരുതി. ഗാന്ധി ജീവിച്ചിരിക്കുമ്പോള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കില്ലെന്നും അതുകൊണ്ടുതന്നെയാണ് വിഭജന കാലത്ത് ഇത്രയധികം ഹിന്ദുക്കള്‍ കൂട്ടമായി കൊല്ലപ്പെട്ടതെന്നുമായിരുന്നു ആറെസ്സെസ്സും ഹിന്ദുമഹാസഭയും ചിന്തിച്ചത്. അതുകൊണ്ട് ഗാന്ധിവധം ഒരു യഥാര്‍ത്ഥ അനുപേക്ഷണീയമായ കടമയാണെന്ന് ഗോഡ്സേ കരുതി.
1948 ജനുവരി 13 നാണ് ഗാന്ധി തന്റെ ജീവിതത്തിലെ അവസാനത്തെ ഉപവാസസമരം ആരംഭിച്ചത്. വിഭജനസമയത്ത് പാകിസ്താന് കൊടുക്കാമെന്ന് ഇന്ത്യ സമ്മതിച്ചിരുന്ന അമ്പത്തിയഞ്ചുകോടിരൂപ യഥാസമയം കൊടുക്കാതിരുന്നതിലുള്ള പ്രതിഷേധംകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഗാന്ധി ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളേയും അംഗീകരിക്കുവാനും പ്രസ്തുത തുക എത്രയും പെട്ടെന്ന് പാകിസ്ഥാനു ലഭ്യമാക്കാനും തീരുമാനമായതോടെ ഗാന്ധിവധത്തിന് ഇനി കാത്തിരിക്കാന്‍ വയ്യെന്ന നിലപാടിലേക്ക് ഗോഡ്‌സേയും കൂട്ടരും എത്തിച്ചേര്‍ന്നു.
സവര്‍ക്കറുടെ അഭിനവ ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടനയെ പിന്തുടര്‍ന്ന് ചിന്തിച്ചുപോന്ന ഗോഡ്സേയ്ക്ക് ഗാന്ധി ഒഴിവാക്കപ്പെടേണ്ട ഹിന്ദു വിരുദ്ധനായ ഒരാളായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. മാത്രവുമല്ല സവര്‍ക്കറുടെ ലഫ്ടനന്റ് എന്ന സ്ഥാനമായിരുന്നു ഗോഡ്സേക്ക് ഉണ്ടായിരുന്നത്. അതേ സവര്‍ക്കറുടെ ഹിന്ദുത്വ ആശയങ്ങള്‍ ആശയങ്ങള്‍ തന്നെയാണ് ഗാന്ധി വധത്തിന് പ്രേരകമായി പ്രവര്‍ത്തിച്ചതും.
ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്കുള്ള പങ്ക് അന്നത്തെ നേതാക്കള്‍ക്കൊക്കെ നന്നായി അറിയാമായിരുന്നു. തെളിവില്ലായ്മ എന്ന സാങ്കേതികത്വത്തിന്റെ അടിസ്ഥാനത്തിലാണ് സവര്‍ക്കര്‍ രക്ഷപ്പെട്ടത്. എന്നാല്‍ കപൂര്‍ കമ്മീഷന്‍ സവര്‍ക്കറുടെ പങ്കാളിത്തം ഉറപ്പാക്കുന്ന തെളിവുകള്‍ പുറത്തു കൊണ്ടുവന്നിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്ക് ഉള്ള പങ്ക് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 1966 ഫെബ്രുവരി ഇരുപത്തിയാറാം തീയതി സവര്‍ക്കര്‍ മരുന്നുകളും ഭക്ഷണവും ത്യജിച്ച് മരണത്തെ വരിച്ചു. ഒരു തരം ആത്മഹത്യയായിരുന്നു അത്. തനിക്ക് ഗാന്ധിവധത്തിലുള്ള പങ്ക് മറ്റാരെക്കാളും കൂടുതല്‍ നന്നായി അറിയാമായിരുന്ന സവര്‍ക്കര്‍, കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുമ്പുതന്നെ മരണം തിരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അദ്ദേഹത്തിന്റെ അവസാനകാലം ജയിലിലൊടുങ്ങുമായിരുന്നു.
എന്തായാലും ഹിന്ദുത്വവാദികളായ തീവ്രവാദികളായിരുന്നു സവര്‍ക്കറും ഗോഡ്സേയും ഗാന്ധിവധത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചവരുമെന്ന കാര്യത്തില്‍ സംഘപരിവാരത്തിനൊഴിച്ച് മറ്റാര്‍ക്കും സംശയമൊന്നുമുണ്ടാകില്ല.
ഗാന്ധിവധത്തെ ന്യായീകരിക്കാനും ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദ ആക്രമണമത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ഹൈന്ദവ ശക്തികളുടെ നീക്കങ്ങളെ നാം കമലാഹാസനൊപ്പം ഐക്യപ്പെട്ട് പരാജയപ്പെടുത്തേണ്ടതു തന്നെയാണ്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.