Wed. Jan 22nd, 2025
#ദിനസരികള്‍ 758

വനപാലകരെപ്പറ്റി ഞങ്ങളുടെ നാട്ടില്‍ പറയാറുള്ളത്, അവര്‍ക്ക് പോലീസുകാരെപ്പോലെ ധാരാളം പ്രതികളെ കിട്ടാറില്ല. അതുകൊണ്ടുതന്നെ കിട്ടുന്നവരെ നന്നായി കുത്തും എന്നാണ്. മര്‍ദ്ദിക്കുക എന്ന അര്‍ത്ഥത്തിലാണ് കുത്തുക എന്നു പറയുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പോലീസ് മനുഷ്യന്മാരോട് ഇടപെടുന്നതുകൊണ്ട് അല്പ‍മൊക്കെ മനുഷ്യപ്പറ്റുണ്ടാകുമെങ്കിലും ഫോറസ്റ്റുകാരുടെ ഇടപെടലുകള്‍ മൃഗങ്ങളോട് ആയതുകൊണ്ട് ആ തരത്തിലുള്ള ഒരു സമീപനം പ്രതീകഷിച്ചുകൂട എന്നും ഞങ്ങള്‍ കൂട്ടിച്ചേര്‍ക്കും.

മലയോര മേഖലകളില്‍ ജീവിക്കുന്നവര്‍ക്ക് അക്കാര്യം നന്നായിട്ട് അറിയാം. എന്തെങ്കിലും കുറ്റകൃത്യങ്ങളുടെ പേരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍പ്പിന്നെ രക്ഷയില്ല. ക്രൂരമായ മര്‍ദ്ദനമായിരിക്കും ഫലം. പരാതിപ്പെട്ടാല്‍ വീട്ടുലുള്ള മറ്റു ബന്ധുക്കളേയും പ്രതി ചേര്‍ക്കുമെന്നൊക്കെയായിരിക്കും ഭീഷണി. സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവര്‍ അതുകൊണ്ടുതന്നെ ആരോടും പരാതിപ്പെടാനും പോകില്ല.പോലീസ് പിടിച്ചാലും കുഴപ്പമില്ല, ഫോറസ്റ്റുകാര്‍ പിടിക്കരുതേ എന്നായിരിക്കും പലരുടേയും പ്രാര്‍‌ത്ഥന.

വല്ല സംശയത്തിന്റേയും പേരിലാണ് പിടിക്കപ്പെടുന്നതെങ്കില്‍ ആ പാവം പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടാകില്ല. സമ്മതിപ്പിക്കുന്ന കാര്യത്തില്‍ വനപാലകര്‍ക്ക് പ്രത്യേക ശുഷ്കാന്തിയാണ്. പ്രത്യേകിച്ചും കുറ്റം ചെയ്തത് ഇത്തിരി പിടിപാടുള്ള വല്ലവരുമാണെങ്കില്‍ അവര്‍ക്കു വേണ്ടി പ്രതികളെ ഉണ്ടാക്കുക എന്ന മഹനീയ കൃത്യം ഒറ്റ രാത്രികൊണ്ട് നിര്‍വ്വഹിക്കണമല്ലോ. അത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ അനുഭവസ്ഥര്‍ പറയാറുണ്ട്. പണമുള്ളവര്‍ കാട്ടില്‍ കയറും, വേട്ടയാടും മരം മുറിയ്ക്കും. അതില്‍ പ്രതികളാകുന്നതോ? പണ്ടേതെങ്കിലും നക്കാപ്പിച്ച കേസുകളില്‍ പിടിക്കപ്പെട്ട പാവപ്പെട്ട ആദിവാസികളോ മറ്റോ ആയിരിക്കും.

അത്തരത്തിലുള്ള ഒരു ക്രൂരമര്‍ദ്ദനത്തിന്റെ കഥ ഞാന്‍ ഇന്ന് ഇടുക്കിയില്‍ നിന്നും വായിച്ചു. മൃഗവേട്ടയുടെ പേരില്‍ വീട്ടമ്മയായ ചാണകപ്പറമ്പില്‍ ജോസിന്റെ ഭാര്യ മറിയാമ്മയെയാണ് വനപാലകർ ക്രൂരമായി മര്‍ദ്ദിച്ചത്. പ്രസ്തുത കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും കഠിനമായ മൂന്നാംമുറകള്‍ ഏല്ക്കേണ്ടിവന്നു. വനപാലകരുടെ പീഢനങ്ങള്‍‌ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ ജനകീയ സമര സമിതിയുണ്ടാക്കി പോരാട്ടത്തിലാണ്.

മറിയാമ്മയുടെ ഭര്‍ത്താവായ ജോസിനും മകനും വേട്ടയില്‍ പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് പുലര്‍ച്ചേ വീട്ടിലേക്കെത്തിയ ഉദ്യോഗസ്ഥര്‍ മറിയാമ്മയെ അറസ്റ്റു ചെയ്യുന്നത് “നേരം പുലരും മുമ്പേ മൂന്ന് വാഹനങ്ങളിലെത്തിയ വനപാലക സംഘം വീട്ടില്‍ കയറി പിടിച്ചു വലിച്ചു വാഹനത്തിലേക്ക് എടുത്തെറിഞ്ഞു. 25 കി.മി. അകലെ കുട്ടിക്കാനം വയര്‍‌ലെസ് സ്റ്റേഷനിലും പീരുമേട് വനം റെയ്ഞ്ച് ഓഫീസിലുമായി കൊടിയ മര്‍ദ്ദന മുറകളും അസഭ്യവര്‍ഷവുമാണ് ഏല്ക്കേണ്ടിവന്നത്. ഞാനൊരു അമ്മയല്ലേ, എന്നെ ഇങ്ങനെയൊക്കെ ചെയ്യാമോ നിങ്ങള്‍ക്കുമില്ലേ അമ്മയും സഹോദരിമാരും എന്ന് ചോദിച്ചപ്പോള്‍ മകളുടെ പ്രായമുള്ള വനിതാ ഫോറസ്റ്റ് ഓഫീസര്‍ തെറിയഭിഷേകം നടത്തി. അവളെ ശരിയാക്കാന്‍ മറ്റു വലപാലകരോട് ആവശ്യപ്പെട്ടു. മൂന്നാം മുറകൊണ്ട് രക്തം വാര്‍ന്നുകൊണ്ടിരുന്ന എന്റെ അവസ്ഥ കണ്ട് പ്രായമായ ഉദ്യോഗസ്ഥന്‍‌ ആശുപത്രിയില്‍ എത്തിക്കുവാന്‍ നിര്‍‌ദ്ദേശം നല്കി. ഭര്‍ത്താവ് ജോസ് കുഞ്ഞിനെ നഗ്നനാക്കി പട്ടിയെക്കൊണ്ട് കടിപ്പിച്ചു.” അഴുത റേയ്ഞ്ച് ഓഫീസര്‍ പ്രിയ ടി. ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന മൂന്നാം മുറകളുടെ കഥകളാണ് മറിയാമ്മ മാധ്യമങ്ങളുമായി പങ്കുവെച്ചത്.

ഭര്‍ത്താവും മകനും ചെയ്തുവെന്ന് പറയപ്പെടുന്ന കുറ്റത്തിന്റെ പേരിലാണ് അറുപത് വയസ്സായ ഈ സ്ത്രീ ക്രൂരമായി മര്‍‌‌ദ്ദിക്കപ്പെട്ടത്. രണ്ടോ മൂന്നോ ശസ്ത്രക്രിയകള്‍ ഇതിനുമുമ്പ് മറിയാമ്മ ചെയ്തിട്ടുള്ള വിവരം ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടും അവര്‍ ഒരു തരത്തിലും മയപ്പെട്ടില്ല.പിറ്റന്ന് അവര്‍ തന്നെയാണ് അവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

നമ്മുടെ വനപാലകര്‍ ഇപ്പോഴും മൃഗതുല്യരാണെന്ന വാര്‍ത്തകള്‍ ആരേയും സന്തോഷിപ്പിക്കുമെന്ന് തോന്നുന്നില്ല. വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരോട് അവരുടെ പെരുമാറ്റം വളരെ ശോചനീയമാണ്. പോലീസിലെ കുട്ടന്‍ പിള്ളമാരുടെ കാലത്തെ പീഢനമുറകളെപ്പോലെ ഇക്കാലത്തും തുടരാമെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക തന്നെ വേണം. നമ്മുടെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധുനിക ജനാധിപത്യബോധത്തിന്റെ വെളിച്ചം വന്നു വീഴുന്ന ഇക്കാലത്ത് സ്വയം മൂടിക്കെട്ടി മൃഗതുല്യരായി ജനതയോട് പെരുമാറാന്‍ ഒരുദ്യോഗസ്ഥനും അനുവദിക്കപ്പെടരുത്. നിരപരാധിയായ ഒരമ്മയുടെ കണ്ണുനീരും ഈ മണ്ണില്‍ വീഴുകയുമരുത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *