തിരുവനന്തപുരം :
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ, മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മരിച്ച ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ സംഭവം വഴിത്തിരിവിൽ.
നെയ്യാറ്റിൻകര മഞ്ചവിളാകം ‘വൈഷ്ണവി’ യിൽ ലേഖ (42), മകൾ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ വൈകീട്ടോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കനറാ ബാങ്കിൽ നിന്നും കുടുംബം ജപ്തി ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. ഇതേ തുടർന്ന് തിരുവനന്തപുരത്ത് കനറാ ബാങ്ക് ശാഖകൾക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്.
അതിനിടെ തീകൊളുത്തി മരിച്ച മുറിയുടെ ചുമരിൽ ഒട്ടിച്ച നിലയിലായിരുന്ന കുറിപ്പ് കണ്ടെത്തിയതോടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്കു കാരണമായതെന്ന് വ്യക്തമാകുകയായിരുന്നു. ജപ്തി നടപടികളായിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇതിൽ പറയുന്നു. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും, ഭർത്താവിന്റെ അമ്മയും, സഹോദരിയുമാണെന്നുമാണ് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപണം.
ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം.
സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭർത്താവിന്റെ അമ്മ തടസം നിന്നെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ ചന്ദ്രൻ, അമ്മ കൃഷ്ണമ്മ, ചന്ദ്രന്റെ സഹോദരി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.