തിരുവനന്തപുരം:
നെയ്യാറ്റിന്‍കര മാരായമുട്ടത്തു ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചപ്പോൾ മരിച്ച മകൾക്കു പിന്നാലെ അമ്മയും മരിച്ചു. മകൾ വൈഷ്ണവി(19) ഇന്നലെ മരിച്ചിരുന്നു. തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മ വൈകീട്ടോടെ മരിച്ചു. രണ്ടുപേരുടേയും പോസ്റ്റുമോർട്ടം ഇന്നു നടക്കും.
ഇതു സംബന്ധിച്ച് തിരുവനന്തപുരം ജില്ല കളക്ടർ, സർക്കാരിനു റിപ്പോർട്ടു നൽകി. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കെ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് ജില്ല കളക്ടര്‍ നല്‍കിയത്.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എന്നാല്‍ വൈഷ്ണവിയുടെ അമ്മൂമ്മയുടെയും അയല്‍വാസിയുടെയും മൊഴിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മാരായമുട്ടം പോലീസ്, ബാങ്ക് ഉദ്യോഗസ്ഥരെ പ്രതിയാക്കിയിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരാണ് ആത്മഹത്യയിലേക്ക് കുടുംബത്തെ തള്ളിവിട്ടതെന്നാണ് ഇവരുടെ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തില്‍ വകുപ്പുകള്‍ മാറ്റുമെന്നാണ് പോലീസ് പറയുന്നത്.
നെയ്യാറ്റിൻകര കാനറ ബാങ്ക് ശാഖയിൽ നിന്ന് അഞ്ചു ലക്ഷം രൂപയാണ് പതിനഞ്ചു വര്‍ഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണു ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ പറയുന്നത്. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ചന്ദ്രൻ പറയുന്നത്.
സംഭവത്തെത്തുടർന്ന്, ബാങ്ക് ജീവനക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകരയിലും മാരായിമുട്ടത്തും ജനങ്ങൾ, ഇന്നലെ പ്രതിഷേധിച്ചിരുന്നു.