ന്യൂഡൽഹി:
ഇന്ത്യൻ നാവികസേനയിൽ, എഞ്ചിനീയറിങ് ബിരുദധാരികളെ ഓഫീസർമാരായി തിരഞ്ഞെടുക്കുന്നതിന് പ്രവേശനപരീക്ഷ നടത്താൻ നാവികസേന തീരുമാനിച്ചു. ഓഫീസർമാർക്കായുള്ള ആദ്യത്തെ പ്രവേശനപരീക്ഷ (ഐ.എൻ.ഇ.ടി – Indian Navy Entrance Test)രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ നിന്ന് സെപ്റ്റംബറിൽ നടത്തും.
യു.പി.എസ് സിയിലും സർവകലാശാല സ്കീമിന്റെയും തിരഞ്ഞെടുപ്പിൽ ഉൾപ്പെടാത്ത ബിരുദക്കാരായ എല്ലാ ഉദ്യോഗാർത്ഥികളേയും ഐ.എൻ.ഇ.ടി. വഴിയാണു തിരഞ്ഞെടുക്കുക.
ഓഫീസറായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ, ബിരുദത്തിന്റേയും, ബിരുദാനന്തര ബിരുദത്തിന്റേയും മാർക്കുകൾ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ സർവീസസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവിനു തിരഞ്ഞെടുക്കുന്നത്. ഇനി മുതൽ, ഐ.എൻ.ഇ.ടി (Indian Navy Entrance Test) യിൽ ലഭിക്കുന്ന മാർക്കു നോക്കിയായിരിക്കും തിരഞ്ഞെടുക്കുക. ഇംഗ്ലീഷ്, പൊതുവിജ്ഞാനം, കണക്കും സയൻസും, റീസണിങ് എന്നിങ്ങനെ നാലു വിഭാഗത്തിലായിരിക്കും പരീക്ഷ നടത്തുന്നത്. പരീക്ഷയെഴുതുന്നവർ നാലു വിഭാഗവും ജയിച്ചിരിക്കണം.