കാസർഗോഡ്:
പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനെയും, ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിച്ചതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്ന കുറ്റത്തിനാണ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. 201, 212 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് പിന്നീട് ഉപാധികളോടെ ജാമ്യം ലഭിച്ചു. 25000 രൂപ കെട്ടിവയ്ക്കണം. രണ്ട് ആൾ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.