Wed. Nov 6th, 2024
തൃശൂര്‍:

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനായി സാംസ്‌കാരിക നഗരി ഒരുങ്ങി. നാദവും താളവും വര്‍ണവും ലഹരിയാകുന്ന തൃശൂര്‍ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ ഓരോരുത്തരും വടക്കുംനാഥനെ കണ്ട് വണങ്ങും.

ഇന്നലെ കരിവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തട്ടിത്തുറന്ന് പൂരത്തിനു തുടക്കമിട്ടു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് ആദ്യം വിലക്കിയതിനെ തുടർന്നു വിവാദമുണ്ടായതിനാൽ, ചടങ്ങിനു പതിനായിരക്കണക്കിന് ആളുകളെത്തി. ഹൈക്കോടതി നിർദേശത്തെത്തുടർന്നു കലക്ടർ ടി.വി. അനുപമയാണു രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകിയത്.

രാവിലെ 7.30 മുതലാണ് ഘടകപൂരങ്ങള്‍ എത്തി തുടങ്ങുന്നത്. കണിമംഗലം ശാസ്താവിന്റെ പൂരമാണ് ആദ്യം നടക്കുന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്.
കാരമുക്ക് ഭഗവതി, പനമുക്കംപള്ളി ശാസ്താവ്, അയ്യന്തോള്‍ ഭഗവതി, ളാലൂര്‍ ഭഗവതി തുടങ്ങി എട്ടോളം ഘടകപൂരങ്ങള്‍ ഇനി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തും. ഇതിനൊപ്പം ശ്രീമൂലസ്ഥാനത്ത് ഓരോ പൂരത്തിനും മേളം കൊട്ടിക്കയറും.

11.30ന് മഠത്തില്‍ വരവ് പഞ്ചവാദ്യം. 12 മണിയോടെ പാറമേക്കാവ് ഇറക്കി എഴുന്നള്ളിപ്പ്. 2.10ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളം തുടങ്ങും. 2.45ന് ശ്രീമൂല സ്ഥാനത്ത് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. ഇതിന് ശേഷം വൈകിട്ട് 5.30ഓടെയാണ് കുടമാറ്റം. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും.

പിറ്റേന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടക്കും. പകല്‍ പൂരം കൊട്ടിയവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.

പൂരം പ്രമാണിച്ച് സുരക്ഷ ഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് വടക്കും നാഥ ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും സുരക്ഷയൊരുക്കും. 3500 ഓളം പോലീസുകാരും മറ്റു സേന വിഭാഗങ്ങളുമാണ് സുരക്ഷ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *