ഗോരഖ്‌പൂർ:
സസ്പെൻഷനിലിരിക്കുന്ന ഡോക്ടർ കഫീൽ ഖാന്, മുടങ്ങിക്കിടക്കുന്ന എല്ലാ തുകയും ആനുകൂല്യങ്ങളും നൽകാൻ, ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി, വെള്ളിയാഴ്ച ഉത്തരവു നൽകി. അതേ സമയം, കഫീൽ ഖാൻ, സസ്പെൻഷൻ ഉത്തരവിനെതിരായി നൽകിയ ഹർജിയുടെ കാര്യത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.
സസ്പെൻഷനുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണം മൂന്നുമാസത്തിനുള്ളിൽ തീർക്കാനും ജസ്റ്റിസ്സുമാരായ സഞ്ജയ് കിഷൻ കൌൾ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കഫീൽ ഖാന്റെ കേസിൽ നടക്കുന്ന വകുപ്പുതല അന്വേഷണം 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 മാർച്ച് 7ന് അലഹബാദ് ഹൈക്കോടതിയും ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഗോരഖ്‌പൂരിലെ ബി.ആർ.ഡി. മെഡിക്കൽ കോളേജിൽ, ഓക്സിജൻ കിട്ടാതെ നവജാതശിശുക്കൾ മരിച്ചതിനെത്തുടർന്നാണ്, 2017 ആഗസ്റ്റ് 22 കഫീൽ ഖാനെ സസ്പെൻഡു ചെയ്യുന്നത്.