കോട്ടയം:
കെവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം ഘട്ട വിസ്താരം ഇന്നു തുടങ്ങും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കെവിന്റെ പിതാവ് ജോസഫ്, കേസിലെ നിർണ്ണായകസാക്ഷികൾ എന്നിവരെ ഇന്നു വിസ്തരിക്കും. ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ. ആയിരുന്ന ടി.എം. ബിജു, സി.പി.ഒ. അജയകുമാർ എന്നിവരടക്കം എട്ടുപേരെയാണ് ഇന്നു വിസ്തരിക്കുക.
കേസിലെ ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ചിരുന്ന കാർ പരിശോധിച്ചതും, ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതും, 2000 രൂപ വാങ്ങി ഇവരെ വിട്ടയച്ചതും ബിജു ആണ്. കെവിനെ വിട്ടുകിട്ടാനായി ബിജു, പ്രതികളുമായി ഫോണിൽ നടത്തിയ സംഭാഷണം കോടതി മുൻപ് പരിശോധിച്ചിരുന്നു. വകുപ്പുതല അന്വേഷണത്തിനു ശേഷം ബിജുവിനെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു.
തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ചാലിയക്കരയില്‍ വച്ചു സംഘത്തിന്റെ കാറില്‍ നിന്നു ഇറങ്ങിയോടിയ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ദുരഭിമാനക്കൊലയുടെ ഗണത്തില്‍ പെടുത്തിയാണു വിചാരണ.