ന്യൂഡൽഹി:
1975-ൽ ഇന്ദിരാ ഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്നു സമ്മതിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ന്യൂസ് നേഷൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ ക്ഷമാപണം. അടിയന്തരാവസ്ഥയും ബ്ളു സ്റ്റാർ ഓപ്പറേഷനും തിരഞ്ഞെടുപ്പ് വിഷയമാക്കി ബി.ജെ.പി പ്രചാരണം ശക്തമാക്കുമ്പോൾ ആണ് രാഹുൽ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
നേരത്തെ 1984-ലെ സിഖ് വിരുദ്ധ കലാപത്തെ സംബന്ധിച്ച സാം പിത്രോഡയുടെ പരാമർശം തികച്ചും തെറ്റാണെന്നും ഇതിന്റെ പേരിൽ അദ്ദേഹം രാജ്യത്തോടു മാപ്പു പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. 1984ൽ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് ചെയ്യാനാവുക എന്നായിരുന്നു പിത്രോഡയുടെ പരാമർശം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും രാഹുൽ ഏറ്റവും അടുപ്പക്കാരനും ഓവർസീസ് കോണ്ഗ്രസ് തലവനുമായ പിത്രോഡയെ തള്ളിപ്പറഞ്ഞിരുന്നു. പിത്രോഡ പറഞ്ഞത് പൂർണമായും തെറ്റാണെന്നും തെറ്റ് ചെയ്തവർ ആരായിരുന്നാലും ശിക്ഷിക്കപ്പെടണമെന്നും രാഹുൽ പറഞ്ഞു. ഇതു സംബന്ധിച്ച് ഒരു സംവാദവും ആവശ്യമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇത് വിവാദമായതോടെ വിശദീകരണവുമായി പിത്രോഡ തന്നെ രംഗത്തു വന്നിരുന്നു. തന്റെ ഹിന്ദി വ്യക്തമല്ലാത്തതിനാൽ സംഭവം വ്യാഖ്യാനിക്കപ്പെട്ടത് മറ്റൊരു തരത്തിലാണെന്നായിരുന്നു വിശദീകരണം.