തിരുവനന്തപുരം:
ഭാര്യയുടെ ചെലവ് കൂടി സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് പി.എസ്.സി ചെയർമാൻ ഈ ആഗ്രഹം സൂചിപ്പിച്ച് സർക്കാരിന് കത്തെഴുതിയത്. ഔദ്യോഗിക യോഗങ്ങളിൽ പങ്കടുക്കാൻ പോകുമ്പോൾ ഒപ്പം വരുന്ന ഭാര്യയുടെ ചെലവു കൂടി സർക്കാർ വഹിക്കണമെന്നാണ് ചെയർമാന്റെ ആവശ്യം.
നിലവിൽ ഔദ്യോഗിക വാഹനം, ഡ്രൈവർ, പെട്രോൾ അലവൻസ്, ഔദ്യോഗിക വസതി, ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളം, ഐ.എ.എസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എ എന്നിവയാണ് സർക്കാർ ചെയർമാനു നൽകുന്നത്. ഇതിനു പുറമേയാണ് ഭാര്യയുടെ ചെലവു കൂടി സർക്കാർ വഹിക്കണമെന്ന ദുരാഗ്രഹം.
സംസ്ഥാന പി.എസ്.സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ജീവിതപങ്കാളിക്കും ക്ഷണമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പിഎസ്സി അധ്യക്ഷനെ ഔദ്യോഗിക യാത്രകളിൽ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സർക്കാരാണു വഹിക്കുന്നത്. എന്നാൽ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഭാര്യയുടെ യാത്രാച്ചെലവ് അനുവദിച്ച് സർക്കാർ ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ആവശ്യപ്പെട്ടുള്ള സക്കീറിന്റെ കത്ത്.
ചെയർമാന്റെ ഈ ആവശ്യം പി.എസ്.സി സെക്രട്ടറി സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കത്ത് പൊതുഭരണ വകുപ്പിന്റെ പരിഗണനയിലാണ്.