Sun. Dec 22nd, 2024
തൃശ്ശൂർ:

തൃശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ഇന്നു പരിശോധിക്കും. പ്രശനമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ ടി. വി. അനുപമ അറിയിച്ചിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍ പൂരത്തിന് ഇല്ലെങ്കിൽ തങ്ങളുടെ ആനകളെ വിട്ടുനല്‍കില്ലെന്ന് ആനയുടമകൾ നിലപാടെടുത്തിരുന്നു. ആനകളെ വിട്ടു നല്‍കുമെന്ന് ആന ഉടമകളും അറിയിച്ചതോടെ തൃശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.

2011 മുതൽ തൃശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാര പ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. ഇക്കുറിയും പൂരത്തിന് രാമചന്ദ്രന്‍ വേണമെന്നും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് നിവേദനങ്ങളുമായി ആനപ്രേമികളുടെ സംഘടനകള്‍ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. തൃശ്ശൂരിൽ തിരഞ്ഞെടുപ്പിൽ പോലും ഇതൊരു വിഷയമായി രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.

ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫെബ്രുവരി മാസത്തില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. വനം വകുപ്പാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. ആനയെ എഴുന്നള്ളിക്കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ആനയുടെ പ്രായാധിക്യവും 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും കണക്കിലെടുത്താണ് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തൃശൂര്‍ കളക്ടര്‍ ടി. വി അനുപമയുടെ അധ്യക്ഷതയില്‍ മൂന്നു ദിവസം മുൻപു ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം രാമചന്ദ്രന്റെ വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും ടി.വി. അനുപമ നിലപാടെടുത്തു. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ഇതോടെ ആനപ്രേമികളും, ആന ഉടമകളുടെ സംഘടനാ നേതാക്കളും പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *