Wed. Jan 22nd, 2025
#ദിനസരികള്‍ 752

ദുരിതകഥകളുടെ തീരാപ്രവാഹത്തിലും ഗള്‍ഫുനാടുകള്‍ നമുക്ക് എടുത്താലും എടുത്താലും തീരാത്ത മുത്തുകളുടേയും പവിഴങ്ങളുടേയും അക്ഷയ ഖനിയാണ് ഇപ്പോഴും. എങ്ങനെയെങ്കിലും ഗള്‍ഫിലേക്ക് എത്തുക, ജോലി ചെയ്ത് ആവശ്യത്തിന് സമ്പാദിക്കുക, തിരിച്ചു നാട്ടിലെത്തി മാന്യമായി ജീവിക്കുക – പൊതുവേ നാം കാണുന്ന സ്വപ്നം. ജോലിക്കു പോയി കാണാതായവരുടേയും തിരിച്ചെത്താത്തവരുടേയും ജോലിസ്ഥലങ്ങളിലെ പീഡനങ്ങളുടേയും മറ്റും മറ്റും നിരവധിയായ കഥകള്‍ ഈ ഗള്‍ഫു മോഹങ്ങളെ ഒട്ടും നിരുത്സാഹപ്പെടുത്തുന്നില്ല. നിതാഖത്തും സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയുമൊന്നും ഇക്കൂട്ടരെ പിന്നോട്ടടിക്കുന്നുമില്ല. തൊഴില്‍ തേടി ഗള്‍ഫിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നുണ്ടെങ്കിലും ഗള്‍ഫ് എന്ന മോഹത്തിന് വലിയ മാറ്റങ്ങളൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ഒത്തു കിട്ടിയാല്‍ ഗള്‍ഫില്‍ നിന്നും വരുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും നാം ഇനിയും ആ നാട്ടിലേക്ക് വണ്ടി കയറും.

വീട്ടുജോലിക്കായി ഗള്‍ഫിലേക്കെത്തിക്കുന്ന/എത്തുന്ന സ്ത്രീകളില്‍ നിന്നാണ് പീഡനങ്ങളുടെ കഥകളുടെ ഭൂരിഭാഗവും വരുന്നത്. രോഗികളെ പരിചരിക്കാനും വീട്ടുവേലകള്‍ ചെയ്യാനുമൊക്കെയായി വലിയ പ്രതീക്ഷയോടെ ആ നാട്ടില്‍ ചെന്നിറങ്ങുന്ന നമ്മുടെ സഹോദരിമാര്‍ തുച്ഛമായ ഒരു കാലത്തിനുള്ളില്‍ത്തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്ന നിലയിലേക്കായിരിക്കുന്നു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് കിട്ടിയ അവസരത്തില്‍ പുറംലോകത്തോട് കഥകള്‍ പറയുന്നത്. അടിമകളെപ്പോലെ, അല്ലെങ്കില്‍ അതിലും ക്രൂരമായി പെരുമാറുന്ന വീട്ടുകാരുടെ സമീപനങ്ങള്‍, ഭാഷയറിയാത്ത ഒരു നാട്ടില്‍ പോയി പെടേണ്ടി വന്നവരുടെ അങ്കലാപ്പുകള്‍, മനുഷ്യത്വമില്ലാത്ത ഏജന്‍സികളുടെ പെരുമാറ്റങ്ങള്‍ – അങ്ങനെയങ്ങനെ എത്രയെത്ര കഥകളാണ് നാം ദിവസേന കേട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഗള്‍ഫുമോഹങ്ങളില്‍ നിന്നൊരു പിന്മടക്കമേയില്ല, ആര്‍ക്കും ഒരു കാലത്തും.

ഒരു കഥ പറയട്ടെ. എന്റെ നാട്ടില്‍ ഒരമ്മ ഗള്‍ഫിലേക്കു പോയി. ഏജന്‍സിക്കാര്‍ കൊണ്ടു പോയി വിറ്റുവെന്നാണ് അവര്‍ പറയുന്നത്. ക്രൂരമായ പീഡനമായിരുന്നു ഫലം. പുറത്തുള്ള ആരേയും ബന്ധപ്പെടാന്‍ കഴിയാതെ ഒന്നൊന്നര വര്‍ഷക്കാലത്തെ നരകജീവിതം. അവരെ സ്നേഹിക്കുന്ന ബന്ധുമിത്രാദികളുടെ നിരന്തരമായ പരാതികളും സര്‍ക്കാറിന്റെ ഇടപെടലുകളും നിമിത്തം അവസാനം അവര്‍ എങ്ങനെയൊക്കെയോ നാട്ടിലേക്കെത്തി. ഈക്കഥകളൊക്കെ അറിയാമായിരുന്നിട്ടും, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ പ്രശ്നങ്ങളുമായിട്ടൊക്കെ നേരിട്ടു ബന്ധപ്പെട്ടിരുന്നിട്ടും അയല്‍വാസിയായ മറ്റൊരു സ്ത്രീ ഗള്‍ഫിലേക്ക് പോകുന്നു. അങ്ങനെ പോകുന്നത് തെറ്റാണെന്നല്ല ഞാന്‍ സൂചിപ്പിക്കുന്നത്, മറിച്ച് എന്തൊക്കെ ദുര്യോഗങ്ങള്‍ സംഭവിച്ചാലും നാം പ്രതീക്ഷാ നിര്‍ഭരമായ ഭാഗ്യാന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്നില്ലെന്നു മാത്രമാണ്. സാധ്യതകള്‍ പല കാരണങ്ങള്‍ കൊണ്ടും കുറഞ്ഞുവരുന്നുവെങ്കിലും ജീവിതത്തിന്റെ യാതനകളെ തുടച്ചു നീക്കാനുള്ള സ്വപ്നങ്ങളും പേറി അതിനിയും തുടരുകതന്നെ ചെയ്യും.

കഷ്ടപ്പാടുകളുടെ ഉദാഹരണങ്ങള്‍ രണ്ടോ മൂന്നോ ഉദാഹരണങ്ങളില്‍ അവസാനിച്ചു പോകുന്നതല്ല. എന്നാലും കേരളത്തിന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ അറബിനാട്ടില്‍ നിന്നും എത്തിയ കോടികള്‍ കുറച്ചൊന്നുമല്ല നമ്മെ സഹായിച്ചത്. കേരളത്തിന് പുതുജീവന്‍ നല്കിക്കൊണ്ട് നാടിന്റെ ഞരമ്പുകളിലൂടെ ഭീമമായ ആ തുക നിരന്തരം നിര്‍‌മ്മാണാത്മകമായി ചലിച്ചുകൊണ്ടേയിരുന്നു. നമ്മുടെ ദൈനം‌ദിന ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളിലും പുതിയ ഉണര്‍വ്വുകളുണ്ടായി. വിമാനത്താവളങ്ങള്‍ മുതല്‍ നീന്തല്‍ക്കുളങ്ങള്‍ വരെ ഈ നിക്ഷേപങ്ങളില്‍ മുളച്ചുയര്‍ന്നു. അവ പുതിയ പുതിയ പ്രതീക്ഷകളും ആവേശങ്ങളും നമ്മളില്‍ വാരി നിറച്ചു. കുമ്മട്ടിക്കടകള്‍ മുതല്‍ വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുവരെ നാം നിര്‍മ്മിച്ചെടുത്തു. എന്നാല്‍‌പ്പോലും ഏകദേശം അരനൂറ്റാണ്ടു കാലമായി ഒഴുകിയെത്തിയ കോടികളില്‍ സിംഹഭാഗവും നാം ചെലവഴിച്ചത് എവിടെയാണ് എന്നൊരു ചോദ്യം പ്രസക്തമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസിനിക്ഷേപം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ആകെയുള്ളതിന്റെ അമ്പതു ശതമാനത്തിലേറെ ഗള്‍ഫില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുകകളില്‍ ഭൂരിഭാഗവും നാം നിക്ഷേപിച്ചത് നമ്മുടെ വീടുകള്‍ക്കു വേണ്ടിയാണ്. വീടുകള്‍ക്ക് നമ്മുടെ സ്റ്റാറ്റസ് നിശ്ചയിക്കുന്നതില്‍ നിര്‍ണയകമായ സ്ഥാനമുണ്ടെന്ന് നാം ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ ഒരാള്‍ക്കു വേണ്ടി മൂന്നാളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന വീടുകള്‍ നാം ഉണ്ടാക്കി വെക്കുന്നു. പിന്നീട് അതു പരിപാലിക്കുന്നതിന്റെ വിഷമങ്ങളെക്കുറിച്ചോ ഒരു രൂപ പോലും തിരിച്ചുവരാത്ത ഈ നിക്ഷേപത്തെക്കുറിച്ചോ നാം ആശങ്കപ്പെടുന്നേയില്ല. ആവശ്യത്തിലധികം വിസ്താരമപ്പെടുത്തിയും മനോഹരമാക്കിയും നാം പണിതെടുത്തിരിക്കുന്ന സൌധങ്ങള്‍ ഗള്‍ഫിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് നമുക്ക് ബാധ്യതയായി മാറുന്ന കാലം വരുന്നുവെന്നുള്ളത് നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്.

നമ്മുടെ കൃഷിസ്ഥലങ്ങളടക്കമുള്ള ഭൂമി ഏറെയും കഷണം കഷണമാക്കി മുറിച്ചെടുത്തിരിക്കുന്നത് വീടുകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടിയാണ്. അഞ്ചുസെന്റുസ്ഥലത്ത് അതേ വലുപ്പത്തില്‍ വീടുകള്‍ പണിയുന്ന നാം ഒരു പുതിയ ഗൃഹസംസ്കാരം പരിശീലിക്കേണ്ടിയിരിക്കുന്നു. വീടുകളെക്കുറിച്ചുള്ള നിര്‍വചനങ്ങളുടെ സ്വഭാവംതന്നെ മാറേണ്ടിയിരിക്കുന്നു. ആഡംബരവീടുകള്‍ക്കുള്ളില്‍ പട്ടിണികിടന്ന് ചാകാന്‍ വിധിക്കപ്പെട്ട ഒരു ജനതയായി നാം മാറാതിരിക്കണമെങ്കില്‍ ചില തിരിച്ചറിവുകളെ ഇനിയെങ്കിലും നാം കൈയ്യെത്തിപ്പിടിക്കേണ്ടിയിരിക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *