കണ്ണൂർ:
വില്ലേജ് ഓഫീസുകളും ഇനി കറൻസിരഹിതമാവാൻ പോകുന്നു. വില്ലേജ് ഓഫീസുകളിലും ഇനി സ്വൈപ്പിംഗ് യന്ത്രം എത്തിക്കാനാണു തീരുമാനം. വില്ലേജ് ഓഫീസിൽ നൽകേണ്ട എല്ലാ തുകകളും ഇനി എ.ടി.എം. കാർഡുവഴി അടയ്ക്കാനാവും. ഓണ്‍ലൈനായ എല്ലാ വില്ലേജ് ഓഫീസുകളിലും എ.ടി.എം. കാര്‍ഡുപയോഗിച്ച് നികുതിയും മറ്റു ഫീസുകളും ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് എത്തുന്ന സംവിധാനമാണ് നടപ്പില്‍വരുന്നത്.
സംസ്ഥാന ഐ.ടി. മിഷനും ഫെഡറല്‍ ബാങ്കും ചേര്‍ന്നാണ് ഇതു നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയില്‍ യന്ത്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇവിടെയുള്ള 132 വില്ലേജ് ഓഫീസുകളിലേക്കുള്ള യന്ത്രങ്ങള്‍ കളക്ടറേറ്റില്‍ എത്തി. ഓണ്‍ലൈനായ 125 വില്ലേജുകളില്‍ ഈ മാസാവസാനത്തോടെ യന്ത്രം സ്ഥാപിക്കും. അടുത്തമാസം മുതല്‍ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.