Fri. Nov 22nd, 2024

തിരുവനന്തപുരം:

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4,26,513 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 98.11% ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷം 97.84% ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലാണ്. കുറവ് വയനാട്ടിലും. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്(99.9%). പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി ആണ് വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്.

37,334 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസുകാര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് പരീക്ഷ എഴുതിയ 2493 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. പ്രൈവറ്റായി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 2200 പേരില്‍ 1551 പേരും പരീക്ഷ ജയിച്ചു.

1167 സര്‍ക്കാര്‍ സ്കളൂകളില്‍ 599 സ്കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 517 ആയിരുന്നു. 1427 എയ്ഡഡ് സ്കൂളുകളില്‍ 713 എയ്ഡഡ് സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 659 ആയിരുന്നു. 458 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 391 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി 389 ആയിരുന്നു കഴിഞ്ഞ വര്‍ഷം.

കേരളത്തിലും, ഗൾഫിലും, ലക്ഷദ്വീപിലുമായി 2939 സെന്ററുകൾ വഴി 4,34,829 വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.

ഉപരിപഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം 20 മുതൽ 25 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്നു വിഷയങ്ങൾ സേ പരീക്ഷയിൽ എഴുതാം. ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം,സൂക്ഷമപരിശോധന,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ മെയ് 7 മുതല്‍ മെയ് 19 വരെ സമര്‍പ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *