#ദിനസരികള്‍ 749
കാരുണ്യപൂര്‍വ്വം മനുഷ്യ കുലത്തിന്റെ പാപങ്ങളേറ്റു വാങ്ങിക്കൊണ്ട് ജീവന്‍ വെടിഞ്ഞു പോയവനാണ് ക്രിസ്തു എന്നാണ് നാം പഠിച്ചിരിക്കുന്നത്. എന്തിന് തര്‍ക്കിക്കണം? അത് അങ്ങനെത്തന്നെയിരിക്കട്ടെ. രണ്ടായിരം കൊല്ലങ്ങള്‍ക്കപ്പുറമുള്ള ചില ആശങ്കകളെയകറ്റി ജനതക്ക് ആവേശം പകരാന്‍ അക്കാലത്തും പിന്നീടും അദ്ദേഹത്തിന് കഴിഞ്ഞെങ്കില്‍ നാം സ്വാഗതം ചെയ്യുക. എന്നാല്‍ ഇക്കാലങ്ങളില്‍ ക്രിസ്തുവിശേഷണങ്ങള്‍ അച്ചടിച്ച കൃപാസനം കൊണ്ടു മൂടിവെച്ചാല്‍ അസുഖങ്ങള്‍ ഭേദമാകുമെന്നും, പൊട്ടിയ എല്ലുകള്‍ മുറി കൂടുമെന്നും മരിച്ചവന്‍ എഴുന്നേറ്റു വരുമെന്നും പ്രചരിപ്പിക്കപ്പെടുന്നത് അശ്ലീലമല്ലേ? അതു ചോദ്യം ചെയ്യുന്നവനെ ക്രിസ്തുമത വിരോധിയായി വ്യാഖ്യാനിച്ച് കല്ലെറിയുന്നതിന്റെ സാംഗത്യമെന്ത്?
മതങ്ങള്‍ ഭയപ്പെടുത്തുന്നു. ദുര്‍ബലനായ മനുഷ്യന് മതത്തിലും ദൈവത്തിലുമുള്ള വിശ്വാസം എന്തെങ്കിലും ഉള്‍ബലം നല്കുന്നുവെങ്കില്‍ ആവട്ടെ എന്നതിനപ്പുറം ജീവിതത്തിന്റെ സമസ്ത മേഖലകളേയും നിയന്ത്രിക്കുവാനും അടക്കി ഭരിക്കുവാനും തുടങ്ങുന്നത് ഒരു തരത്തിലും ന്യായീകരിക്കപ്പെടേണ്ടതല്ല.
ഇക്കാലങ്ങളിലെ ഏതൊരു ചര്‍ച്ചയും മതത്തിലും ദൈവത്തിലും തുടങ്ങി മതത്തിലും ദൈവത്തിലും അവസാനിക്കുന്നുവെന്നത് നാം നേരിടുന്ന വലിയൊരു ദുര്യോഗം തന്നെയാണ്.
ഒരു രാജ്യം തന്നെ തന്റെ പൌരന്മാരുടെ ജീവിത നിലവാരത്തെപ്പറ്റിയോ, അതുയര്‍ത്തുവാനുള്ള വഴികളെപ്പറ്റിയോ അല്ല ആലോചിക്കുന്നത്, മറിച്ച് അവന്റെ മതവിശ്വാസത്തെ പറ്റിയും ഈശ്വര സങ്കല്പങ്ങളെപ്പറ്റിയുമാണ്. അധികാരത്തിന്റെ അങ്ങേത്തലം മുതല്‍ ഇങ്ങേത്തലം വരെയുള്ളവര്‍ പൌരന്മാരെ വിഭജിക്കുവാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നു.
ഒരിക്കല്‍ നാം തൂത്തെറിഞ്ഞ മാരകരോഗങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തുന്നതുപോലെ, ഒരിക്കല്‍ നാം ജീവിതത്തിന്റെ പല പല പടവുകളില്‍ നിന്നും കൈ പിടിച്ച് ഇറക്കിവിട്ട വേതാളക്കൂട്ടങ്ങള്‍ വര്‍ദ്ധിത വീര്യത്തോടെ നമുക്കു മുകളില്‍ ദംഷ്ട്രകള്‍ പ്രദര്‍ശിപ്പിച്ചു നില്ക്കുന്നു. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളില്‍ ഒരു കാലത്ത് മതം വഹിച്ച പങ്കുകളെപ്പോലും അപ്രസക്തമാക്കിക്കൊണ്ട് ആക്രമണോത്സുകതയും അധിനിവേശത്വരയും ആവേശിച്ചിരിക്കുന്ന അക്രമികളുടെ സംഘങ്ങളാണ് മതമെന്ന അവസ്ഥ സംജാതമായി.
അന്ധമായി പിന്തുടരുന്നുവരുടെ എണ്ണം അപകടകരമായി വര്‍ദ്ധിച്ചു.
ഞാന്‍ നിങ്ങളോട് വിയോജിക്കുന്നു. എന്നാല്‍ അങ്ങനെ ചെയ്യാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനു വേണ്ടി ഞാന്‍ എന്റെ ജീവന്‍ പോലും നല്കാന്‍ തയ്യാറാണ് എന്നു പറഞ്ഞത് വോള്‍ട്ടയറല്ലേ? മതത്തിനു മാത്രമേ അവകാശമുള്ളു എന്നാണ് നാം ഇക്കാലത്ത് കല്പിച്ചു പോരുന്നത്. മതത്തിനെതിരെയുള്ള ഏതൊരു പ്രസ്താവനയും നിങ്ങളെ ഉന്മൂലനം ചെയ്യാനുള്ള കാരണങ്ങളിലൊന്നായി മാറും. ഇരുളു കീറിയെത്തുന്ന ഒരു ലോഹഗോളം നിങ്ങളുടെ ശിരസ്സുകളെ പിളര്‍ന്ന് പാഞ്ഞുപോകും. എത്ര ഉദാഹരണങ്ങള്‍ വേണം! എത്രയോ എത്രയോ! ഒരു മതമെന്നല്ല, എല്ലാം ദുഷിച്ചിരിക്കുന്നുവെന്നു തന്നെയാണ്.
വോട്ടു ബാങ്കില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ കാലത്ത് സംഘടിമതങ്ങളുടെ ഇത്തരത്തിലുള്ള ഇടപെടല്‍ ശേഷി വര്‍ദ്ധിക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ രാഷ്ട്രീയത്തേയും മതത്തേയും കൃത്യവും വ്യക്തവുമായി വേര്‍തിരിക്കുന്ന രേഖകള്‍ ആരചിക്കപ്പെടണം. ഇനിയും അത്തരമൊരു കാലം വരും എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്.
ഞാനിപ്പോള്‍ മതത്തെക്കുറിച്ച് പറഞ്ഞില്ലേ? ആ കെടുതികളൊക്കെ രാഷ്ട്രീയത്തിനും ചാര്‍ത്താവുന്നതേയുള്ളു. ജയിക്കാന്‍ വേണ്ടി ഏതാലയത്തിലും പോയി മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ മടിയില്ലാത്ത അല്പന്മാരുടെ കൂത്തരങ്ങായി നമ്മുടെ രാഷ്ട്രീയ രംഗം മാറിയിരിക്കുന്നു. നിങ്ങള്‍ നിഷേധിച്ചാലുമില്ലെങ്കിലും ഇത്തരം ഉള്‍ക്കനമില്ലാത്ത, വിശ്വസിക്കുന്ന ആദര്‍ശങ്ങളെ സ്വാംശീകരിക്കാത്ത രാഷ്ട്രീയ നേതൃത്വം തന്നെയാണ് മൂക്കു മണ്ണില്‍ മുട്ടിച്ച് ഈ മതങ്ങളേയും അതുവഴി വര്‍ഗ്ഗീയതയേയും അനിയന്ത്രിതമായി വളര്‍ത്തിയത്.
1948 ല്‍ സരയുവില്‍ എറിയുവാന്‍ നെഹ്രു നിര്‍ദ്ദേശിച്ച ഒരു ശില, പിന്നീട് ഭാരതത്തിന്റെ ഭാവിയെത്തന്നെ മാറ്റിക്കുറിക്കുന്നത് നാം കണ്ടു. നമ്മുടെ രാഷ്ട്രീയം തീറ്റിപ്പോറ്റിയ ശിഖഭീകരെ നാം മറക്കുന്നതെങ്ങനെ? അത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഇനിയും ഏറെ ഉദാഹരണങ്ങളുണ്ട്. നരസിംഹറാവുവിന് പതിമൂന്നോളം ഭാഷ അറിയാമായിരുന്നത്രേ! എന്നിട്ടും ഒരു ഭാഷയിലെങ്കിലും ബാബറി മസ്ജിദ് പൊളിക്കരുതെന്ന് പറയാന്‍ കഴിയാതെ പോയതെന്ത് എന്ന് ഏതോ ഒരു പ്രാസംഗികന്‍ പറഞ്ഞ തമാശ ഓർമ്മ വരുന്നു.
അവസാനിപ്പിക്കാം. മതത്തെ മുന്‍നിറുത്തിയുള്ള എല്ലാ മുതലെടുപ്പുകളും അവസാനിക്കപ്പെടണം. മതഗ്രന്ഥങ്ങളല്ല ഭരണഘടന നമ്മെ നയിക്കണം. ഇരുട്ടിലേക്ക് പെറ്റു വീണ ഒരു തലമുറയെ ജനിപ്പിച്ചവര്‍ എന്ന ഖ്യാതി നമുക്കില്ലാതിരിക്കട്ടെ!
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.