Sun. Jan 19th, 2025
ന്യൂ​ഡ​ല്‍​ഹി:

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി ത​ള്ളി. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സ​മി​തി ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്.
സു​പ്രീം കോ​ട​തി മു​ന്‍​ ജീ​വ​ന​ക്കാ​രി​യാ​ണ് ഗൊ​ഗോ​യിക്കെ​തി​രെ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ജ​സ്റ്റീ​സ് ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് ജ​സ്റ്റീ​സി​നെ​തി​രാ​യ പ​രാ​തി അ​ന്വേ​ഷി​ച്ച​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കി​ല്ലെ​ന്ന് സ​മി​തി വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ട് ചീ​ഫ് ജ​സ്റ്റീ​സി​ന് കൈ​മാ​റി​യെ​ന്നാ​ണ് വി​വ​രം.

നേരത്തേ യുവതി അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.
35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പീഡന ശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ടു മാസത്തിനു ശേഷം തന്നെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതായും പരാതിയിലുണ്ട്. ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും, ഭര്‍തൃസഹോദരനെയും പ്രതികാര നടപടികളുടെ തുടര്‍ച്ചയായി സസ്‌പെന്‍ഡ് ചെയ്‌തെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ആരോപണത്തെ തുടര്‍ന്ന് സുപ്രീം കോടതി അടിയന്തര സിറ്റിംഗ് നടത്തി.സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യപ്രകാരമായിരുന്നു സുപ്രീം കോടതിയുടെ പ്രത്യേക സിറ്റിംഗ്. എന്നാൽ, തനിക്കെതിരെ സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പ്രതികരണം. അടിസ്ഥാനരിഹതവും ദുരുദ്ദേശപരവുമായ ഈ ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. “എന്റെ ബാങ്ക് ബാലന്‍സ് 6.80 ലക്ഷമാണ്. തന്നെ പണം കൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ല, 20 വര്‍ഷത്തിലധികം കറ കളഞ്ഞ ജഡ്ജിയായി പ്രവര്‍ത്തിച്ചയാളാണ് താന്‍ അതിനുള്ള പ്രതിഫലമാണോ ഇതെന്നുമായിരുന്നു” സിറ്റിങ്ങിൽ അദ്ദേഹത്തിന്റെ നിലപാട്.

കൂടാതെ പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിഷേധിച്ചു. പരാതിയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നു. തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ കസേര ദുര്‍ബലമാക്കാനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പരാതി ജഡ്ജിമാരുടെ മുന്നംഗ സമിതി പരിശോധിക്കാൻ തീരുമാനമായി. നിലവിൽ രഞ്ജൻ ഗൊഗോയിയ്ക്ക് ശേഷം സുപ്രീം കോടതിയിലെ മുതിർന്ന അംഗമായ ജസ്റ്റിസ് എസ്.എ ബോബ്ഡേ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ ആയിരുന്നു തുടർ നടപടികൾ പരിശോധിക്കുവാൻ നിശ്ചയിച്ചത്. ജസ്റ്റിസ് എൻ.വി രമണ, ഇന്ദിര ബാനർജി എന്നിവർ ആയിരുന്നു മറ്റ് അംഗങ്ങൾ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗോഗൊയിയ്ക്കെതിരെ ഉയർന്ന ലൈംഗിക പീഡനോരോപണങ്ങളിൽ സ്പെഷ്യൽ സിറ്റിങ്ങ് നടത്തി വിധി പറഞ്ഞ കോടതി നടപടിക്കെതിരെ അഭിഭാഷക സംഘടനകൾ ഉൾ‌പ്പെടെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ ആയിരുന്നു പരാതി പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിശ്ചയിച്ചത്. വിഷയം ചർച്ച ചെയ്യാൻ സുപ്രീം കോടതി ജഡ്ജിമാർ തിങ്കളാഴ്ച അനൗദ്യോഗിക യോഗം ചേർന്നിരുന്നു. യോഗത്തിൽ തന്റെ ഭാഗം വിശദീകരിച്ചശേഷമാണ് ര‍ഞ്ജൻ ഗൊഗോയ് തുടർ നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് ബോബ്ഡേയെ ചുമതലപ്പെടുത്തിയത്.

എന്നാൽ ലൈംഗിക ആരോപണം അന്വേഷിക്കുന്ന മൂന്നംഗ സമിതിക്കെതിരെ പരാതിക്കാരി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. പരാതിക്കാരിയോട് വെള്ളിയാഴ്ച ഹാജരാകാൻ ജസ്റ്റിസ് ബോബ്ഡേയുടെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് പരാതിക്കാരി കത്ത് നൽകിയത്. തന്റെ ഭാഗം കേൾക്കാതെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട പ്രത്യേക സിറ്റിങിൽ തന്നെ സ്വഭാവഹത്യ നടത്തിയെന്നു പരാതിക്കാരി ആരോപിച്ചു. അന്വേഷണത്തിന് വിരമിച്ച ജഡ്ജിമാരുടെ ആറംഗ പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും തന്റെ പരാതി ഏകപക്ഷീയമായി തള്ളുമെന്നു ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

വിശാഖ കേസിലെ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല, ഇത്തരം കേസുകളില്‍ അന്വേഷണസമിതിയില്‍ ഭൂരിപക്ഷം വനിതകളായിരിക്കണം എന്നത് പാലിച്ചില്ല എന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. പരാതി നൽകിയതിന്റെ പേരിൽ ഒറ്റപ്പെടുത്തലും അവഗണനയും താൻ നേരിടുന്നതായും പരാതിക്കാരി പറഞ്ഞു.സമിതിയിലുൾപ്പെട്ട ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദർശകനാണ്. അദ്ദേഹം സമിതിയിൽ ഉൾപ്പെട്ടതിനാൽ തനിക്കു നീതി ലഭിക്കില്ലെന്നും പരാതിക്കാരി ആശങ്ക അറിയിച്ചിരുന്നു.

പരാതിക്കാരിയുടെ ആരോപണത്തെ തുടർന്ന് ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണ പിന്മാറി. പകരം ജസ്റ്റിസ് ഇന്ദു മൽഹോത്രയെ നിയമിച്ചു. ഇതോടെ, സമിതിയിൽ വനിതാ ഭൂരിപക്ഷമായി. സുപ്രീം കോടതിയിലെ പീഡനപരാതി അന്വേഷണ സമിതി അധ്യക്ഷ കൂടിയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര.

തുടർന്നായിരുന്നു സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ വീണ്ടും അരങ്ങേറിയത്. ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നില്‍ അനില്‍ അംബാനിക്കെതിരായ സുപ്രിംകോടതി വിധി തിരുത്തിയ രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരാണെന്നു സുപ്രിംകോടതിയില്‍ അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് സത്യവാങ്മൂലം നൽകി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് അനുകൂലമായി കോടതിയുത്തരവ് തിരുത്തിയതിന് തപന്‍ കുമാര്‍ ചക്രവര്‍ത്തി, മാനവ് ശര്‍മ്മ എന്നിവരാണ് രണ്ട് മാസം സുപ്രിംകോടതിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഇവരും മറ്റുചിലരുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് ബെയിന്‍സിന്റെ സത്യവാങ്മൂലം.

തുടർന്ന് അത്തരം ഇടനിലക്കാര്‍ക്ക് ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്ഥാനമില്ലെന്നും അതീവ ഗുരുതരമായ ഈ ആരോപണം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജഡ്ജിമാരായ അരുണ്‍ മിശ്ര, റോബിന്റന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. സി.ബി.ഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പോലീസ് മേധാവികളോട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാന്‍ സുപ്രിംകോടതി നിർദ്ദേശം നൽകി.

എന്നാൽ ഒരു തവണ മാത്രം സമിതിക്ക് മുമ്പാകെ ഹാജരായ ശേഷം പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറി. ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഹിയറിംഗ് നടക്കുന്നതെന്നും സ്വന്തം അഭിഭാഷകനെപ്പോലും കൂടെക്കൂട്ടാൻ അനുവദിക്കാതിരിക്കുന്നത് അന്വേഷണം വഴിതിരിച്ചു വിടാനാണെന്നും, സമിതിയിൽ വിശ്വാസമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പിൻമാറ്റം.

തുടർന്ന്, ചീഫ് ജസ്റ്റിസ് തന്നെ സമിതിക്ക് മുമ്പാകെ ഹാജരായി. ആരോപണങ്ങളെല്ലാം നിഷേധിച്ച ചീഫ് ജസ്റ്റിസ്, ഇതിനൊന്നും തെളിവില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും വ്യക്തമാക്കുകയും ചെയ്തു.
തുടർന്ന് അന്വേഷണം നടത്തിയ ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതി സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പീഡന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചീഫ് ജസ്റ്റിസിന് ക്ളീൻ ചിറ്റ് നൽകുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *