കൊൽക്കത്ത:
വെള്ളിയാഴ്ച രാവിലെ ഒഡീഷയിൽ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കൊടുങ്കാറ്റ് അർധരാത്രിയോടെയോ ശനി പുലർച്ചെയോ ബംഗാളിൽ വീശിയടിക്കും. ബംഗാളിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. എന്നാൽ ബംഗാളിലെത്തുന്നതോടെ ശക്തി കുറയുമെന്നാണ് റിപ്പോർട്ടുകൾ. കാറ്റിന് മണിക്കൂറിൽ 90–100 കിലോമീറ്റർ വരെയേ വേഗം ഉണ്ടാകുകയുള്ളെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവില്‍ പൂർണ്ണമായും ഒഡിഷയുടെ തീരദേശ മേഖലയിലാണ് ഫോനി ചുഴലിക്കാറ്റ് ആഞ്ഞ് വീശിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷ തീരത്ത് ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ട്. താഴ്ന്ന പ്രദേശ്‌നങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിൽ മരങ്ങൾ കടപുഴകുകയും വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്.
ശക്തമായ മഴയും 175 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റുമായി ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഒഡീഷ തീര നഗരമായ പുരിയിൽ വീശിയടിച്ചത്. ഇതുവരെ 3 പേർ മരിച്ചു. തീരദേശ തീർഥാടന കേന്ദ്രമായ പുരിയിലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറി. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ തീരപ്രദേശത്തുനിന്ന് 11 ലക്ഷംപേരെ അഭയാർഥി കേന്ദ്രങ്ങളിലേക്കു മാറ്റാനായത് രക്ഷയായി.
തീരദേശ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീൻപിടിത്ത തൊഴിലാളികളോട് കടലിൽ പോകരുതെന്നു മുന്നറിയിപ്പു നൽകി. കൊൽക്കത്ത നഗരത്തിലേക്കുള്ള മിക്ക ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളവും അടച്ചു. അവധിയിലായിരിക്കുന്ന എല്ലാ ഡോക്ടർമാരോടും മറ്റു ആശുപത്രി ജീവനക്കാരോടും അതു റദ്ദാക്കി തിരിച്ചെത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ശക്തമായി വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ മൂന്ന് പേർ മരിച്ചു. മരം ദേഹത്ത് വീണാണ് ഒരാൾ മരിച്ചതെന്നാണ് വിവരം. ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷ തീരത്ത് വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.പ്രധാനമന്ത്രി ആയിരം കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടോടെ ഫോനി തീവ്രത കുറഞ്ഞ് ബംഗാളിലേക്ക് നീങ്ങുമെന്നാണ് സൂചന.