ന്യൂഡൽഹി:
ഈസ്റ്റ് ഡൽഹിയിലെ ഗാന്ധി നഗർ നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി എം.എൽ.എ അനിൽ ബാജ്പേയി ബി.ജെ.പിയിൽ ചേർന്നു. മെയ് 12 ന് ദില്ലിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള നിർണായക തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനിൽ ബാജ്പേയ് ബി.ജെ.പിയിൽ ചേർന്നത് ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും.
ബി.ജെ.പി ഡല്‍ഹി ഓഫീസില്‍ ദേശീയ ഉപാധ്യക്ഷനും, ഡല്‍ഹിയുടെ ചുമതലക്കാരനുമായ ശ്യാം ജജു, കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അനില്‍ ബാജ്‌പേയുടെ ബി.ജെ.പി പ്രവേശം. ആംആദ്മി പാർട്ടിയുടെ മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.
ആംആദ്മി പാർട്ടിയിലെ ഏഴ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 10 കോടി വീതം വാഗ്‌ദാനം ചെയ്തുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനോജ് സിസോദിയ ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍ ഏഴല്ല, 14 എം.എല്‍.എമാര്‍ ബി.ജെ.പി ക്കൊപ്പം വരുമെന്നാണ് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അവകാശപ്പെട്ടത്.
അതേസമയം, ബി.ജെ.പിയില്‍ ചേരുന്നതിന് താന്‍ പണമൊന്നും സ്വീകരിച്ചിട്ടില്ലെന്നും കെജ്‌രിവാളിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ടതെന്നും ബാജ്‌പേയ് പറയുന്നു. നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും പിന്നീട് മാപ്പുപറയുകയും ചെയ്യുന്നതാണ് കെജ്‌രിവാളിന്റെ രീതിയെന്നും ബാജ്‌പേയ് പറയുന്നു.
ബി.ജെ.പി ക്കു ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ വ്യാപകമായ കുതിരക്കച്ചവടം നടക്കുവാനുള്ള സാധ്യതയാണ് ഒരുങ്ങിയിട്ടുള്ളത്. ബംഗാളില്‍ 40 തൃണമൂല്‍ എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്നലെ പ്രസ്താവിച്ചിരുന്നു.