വെനസ്വേല:
കഴിഞ്ഞ ജനുവരിയിലാണ് ജുവാൻ ഗൊയ്ദോ, നാഷണൽ അസംബ്ലിയുടെ നേതാവാകുന്നത്. വളന്റ്റഡ് പോപ്പുലർ എന്ന പ്രതിപക്ഷ പാർട്ടിയുടെ നേതാവു കൂടെയാണ് ജുവാൻ. ഒരു വിദ്യാർത്ഥിനേതാവായിരുന്ന ജുവാൻ മഡുരോയേയും ഷാവേസിനേയും വിമർശിക്കുകയും, മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിനെതിരെ, ഷാവേസിനെതിരായി പ്രതിഷേധസമരങ്ങളും നയിച്ചിരുന്നു. മഡുറോ സർക്കാരിനെതിരെയും, കടുത്ത നിലപാടെടുത്ത് തെരുവുസമരങ്ങളും, റാലികളും നയിച്ചിരുന്നു. യാത്രാനിരോധനത്തെ വെല്ലുവിളിച്ചുകൊണ്ട് കൊളംബിയയിലും, ബ്രസീലിലും, ലാറ്റിൻ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലും ജുവാൻ, സന്ദർശനം നടത്തിയിരുന്നു. ഗൊയ്ദോ എപ്പോഴും അറസ്റ്റു ചെയ്യപ്പെടുമെന്നൊരു അവസ്ഥ നിലനിന്നിരുന്നു.
ഒരു പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതുവരെ, ഇടക്കാല പ്രസിഡന്റ് ആയി രാജ്യത്ത് സേവനമനുഷ്ഠിക്കാനാണ് തന്റെ ഉദ്ദേശമെന്ന് ജുവാൻ പറഞ്ഞിരുന്നു. എപ്പോഴാണ് തിരഞ്ഞെടുപ്പ് എന്ന് ജുവാൻ പറയുന്നില്ല.
തന്റെ മുൻഗാമിയായ ഹ്യൂഗോ ഷാവേസിന്റെ മരണത്തോടെയാണ്, മഡുറോ, പ്രസിഡന്റാവുന്നത്. ഉന്നതവൃത്തത്തിൽ മാത്രം അധികാരം ഒതുക്കുകയും, എതിർശബ്ദങ്ങളെ അക്രമങ്ങളും, ഭീഷണിയും വഴി അടിച്ചമർത്തുകയും ചെയ്തിരുന്നു. സൈന്യത്തിന് കൂടുതൽ സ്വാധീനം നൽകിക്കൊണ്ട്, സൈന്യത്തിന്റെ വിശ്വസ്തതയും നേടിയെടുത്തു.
2017 ൽ പഴയ ഭരണസംവിധാനം നിർത്തലാക്കിക്കൊണ്ട്, പുതിയൊരു ഭരണസംവിധാനം കൊണ്ടുവരികയും, പ്രതിപക്ഷത്തെ പല പ്രമുഖരേയും ജയിലിലിടുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, മെയ് 2018 ലെ തിരഞ്ഞെടുപ്പിൽ മഡുറോ വീണ്ടും, ആറു വർഷത്തെ കാലാവധിയ്ക്ക് പ്രസിഡ്ന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഭീഷണിയും, വോട്ടിലെ കൃത്രിമവും പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. പല രാജ്യങ്ങളും അദ്ദേഹത്തിന്റെ പദവി നിയമാനുസൃതമല്ലെന്നാണു വിലയിരുത്തിയത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി, പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാനായി, തന്നോടൊപ്പം ചേരാൻ പട്ടാളത്തെ നിർബ്ബന്ധിച്ചുകൊണ്ടിരിക്കുകയാണ് ജുവാൻ ഗൊയ്ദോ. കരാക്കസ്സിലെ ഒരു പട്ടാളക്യാമ്പിൽ ചെന്ന്, തന്നോടൊപ്പം ചേരാനുള്ള അഭ്യർത്ഥന ഗൊയ്ദോ നടത്തുകയും ചെയ്തിട്ടുണ്ട്. ഗൊയ്ദോയുടെ ആവശ്യം അംഗീകരിക്കാൻ സൈന്യം തയ്യാറായേക്കുമെന്ന് ഊഹാപോഹങ്ങളുമുണ്ട്.
മഡുറോ, പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് രണ്ടാഴ്ച തികയും മുമ്പു തന്നെ, അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട്, ജുവാൻ ഗൊയ്ദോ, ഇടക്കാലപ്രസിഡന്റ് ആയി സ്വയം പ്രസ്താവിച്ചിരുന്നു. ഒരുപാടുപേർ ഗൊയ്ദോയെ അന്നു പിന്തുണച്ചിരുന്നു. അമേരിക്ക, കാനഡ, എന്നീ രാജ്യങ്ങളും, പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും, യൂറോപ്യൻ രാജ്യങ്ങളും ഗൊയ്ദോയെ, വെനെസ്വേലയുടെ ഭരണാധികാരിയായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി, മഡുറോ, അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഉപേക്ഷിച്ചു. ഗൊയ്ദോയും, വിദേശത്ത് ഗൊയ്ദോയെ പിന്തുണയ്ക്കുന്നവരും വെനെസ്വലയിലേക്ക് സഹായം എത്തിക്കാതിരിക്കാനായി, മഡുറോ, കൊളംബിയ- ബ്രസീൽ അതിർത്തി അടപ്പിക്കുകയും ചെയ്തിരുന്നു.
വെനസ്വേലയിൽ ഇക്കാലത്ത് വളരെയേറെ പ്രതിസന്ധികളുണ്ടായി. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു. പട്ടിണിയും, അക്രമങ്ങളും രാജ്യത്തുടനീളം നിറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ അഭാവം അടുഥകാലത്ത് വളരെയേറെ വർദ്ധിച്ചു. നിരീക്ഷകരുടെ അഭിപ്രായത്തിൽ, 80 ശതമാനം വീടുകളിലും ആവശ്യത്തിനു ഭക്ഷണമില്ല. പോഷകാഹാരക്കുറവുള്ള കുട്ടികളെ ചികിത്സിയ്ക്കാൻ ആശുപത്രികൾ പാടുപെട്ടു. പലതരം അസുഖങ്ങളും വർദ്ധിച്ചു. മരുന്നുകൾക്കു ക്ഷാമം നേരിടുന്നു.
രാജ്യം വിട്ടു മറ്റു സ്ഥലങ്ങളിലേക്കു കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. യു.എസ്. മൈഗ്രേഷൻ ഏജൻസിയുടെ കണക്കനുസരിച്ച്, 33 മില്ല്യൻ ജനങ്ങളെങ്കിലും രാജ്യം വിട്ടുപോയിട്ടുണ്ടാവും.
രണ്ടു പേർ പ്രസിഡന്റ് പദവിയും അവകാശപ്പെട്ടു നിൽക്കുമ്പോൾ, ഈ പ്രതിസന്ധി എങ്ങനെ അവസാനിക്കുമെന്നത് വ്യക്തതയില്ലാത്ത ഒരു കാര്യമാണ്.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായത്തിൽ, രാജ്യത്തിന്റെ നേതാവായി അംഗീകരിക്കാവുന്നത് ഗൊയ്ദോയെ ആണ്. വെനസ്വേലയിലെ ജനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന നിയമാനുസൃതമായ സർക്കാരാരാണ് നാഷനൽ അസംബ്ലി എന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 50 രാജ്യങ്ങളെങ്കിലും ഗൊയ്ദോയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെനസ്വേലയ്ക്കെതിരെ, പല വിലക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്.