ജപ്പാൻ:
നാരുഹിതോ (59) ജപ്പാന്റെ പുതിയ ഭരണാധികാരിയായി സ്ഥാനമേറ്റു. നാരുഹിതോയുടെ പിതാവും മുൻ ഭരണാധികാരിയും ആയ അക്കിഹിതോ സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 85 വയസ്സുള്ള അദ്ദേഹമാണ് ഭരണം സ്വയം വിട്ടൊഴിയുന്ന ആദ്യത്തെ ജപ്പാൻ ഭരണാധികാരി. നാരുഹിതോയുടെ സ്ഥാനാരോഹണത്തോടെ “ഹെയ്സൈ യുഗം” അവസാനിക്കുകയും, “റൈവ യുഗം” ആരംഭിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ഷിൻസോ ആബെ, മന്ത്രിമാർ, ജുഡീഷ്യറി പ്രതിനിധികൾ, മറ്റു പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിയായ സത്സുകി കതയാമ, ഈ സംഭവത്തിനു സാക്ഷിയാകുന്ന ആദ്യത്തെ സ്ത്രീയായി. ഈ ചടങ്ങിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അനുവാദമില്ല. നാരുഹിതോയുടെ പത്നി, മസാകോയ്ക്കും, രാജകുടുംബത്തിലെ മറ്റു സ്ത്രീകൾക്കും ഈ ചടങ്ങിൽ പങ്കെടുക്കാൻ നിയമപ്രകാരം വിലക്കുണ്ടായിരുന്നു.
ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ, ഉത്തരവാദിത്തത്തോടെ കടമകൾ നിറവേറ്റുമെന്ന് നാരുഹിതോ പ്രതിജ്ഞ ചെയ്തു. രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനുവേണ്ടിയും, രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കുവേണ്ടിയും, ലോകസമാധാനത്തിനു വേണ്ടിയും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.