Sat. Jan 18th, 2025

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് എസ്‌വൈഎസിൻ്റെയും ഇടത് മുന്നണിയുടെയും പ്രവർത്തകനായിരുന്ന ഔഫ് അബ്ദുറഹ്മാന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മുസ്ലീം യൂത്ത് ലീഗിന്‍റെ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് അടക്കം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരായ മൂന്ന് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

മുസ്ലിം യുവജന സംഘടനയായ എസ് വൈ എസിന്‍റെ പ്രവര്‍ത്തകനായിരുന്ന ഔഫ് അബ്ദുറഹ്മാന്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. മുസ്ലിം ലീഗിന്‍റെ സ്ഥാനാര്‍ത്ഥി ആ വാര്‍ഡില്‍ പരാജയപ്പെട്ടു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിലെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. നെഞ്ചില്‍ ആഴത്തിലേറ്റ കുത്താണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പ‍ോര്‍ട്ട് പറയുന്നു. ഔഫിന്‍റെ മരണത്തോടെ ഗര്‍ഭിണിയായ ഭാര്യ ഷാഹിന അനാഥയായി.

കേരളത്തിലെ രാഷ്ട്രീയ കൊലപാതക പരമ്പരയിൽ ഒടുവിലത്തെ സംഭവമാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ട നിരവധി പേരാണ് കൊല്ലപ്പെട്ടത്. 2000 മുതല്‍ 2020 വരെ 200ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് നല്‍കുന്ന കണക്കുകള്‍ പറയുന്നത്. നിരവധി കുടുംബങ്ങളാണ് ഈ കൊലപാതകങ്ങളില്‍ തകര്‍ന്നത്.

ആവർത്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏതാണ്ട് എല്ലാ പാർട്ടികളും പ്രതിക്കൂട്ടിലാണ്. സിപിഎമ്മും ആര്‍എസ്എസും കോണ്‍ഗ്രസും മുസ്ലിം ലീഗും മാത്രമല്ല, അടുത്ത കാലത്ത് രൂപം കൊണ്ട എസ്ഡിപിഐയും എല്ലാം കൊലപാതക രാഷ്ട്രീയത്തില്‍ പങ്കാളികളാണ്.

മനുഷ്യരുടെ ജീവനെടുക്കുന്ന, കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന കൊലപാത രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേരളത്തിലെ പൗര സമൂഹം ഇടപെടണം. നിര്‍ത്തൂ ഈ കൊലപാതക രാഷ്ട്രീയം എന്ന് ജനങ്ങള്‍ ആവശ്യപ്പെടണം. എങ്കില്‍ മാത്രമേ ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകൂ. DNA ചര്‍ച്ച ചെയ്യുന്നു.