Fri. Apr 26th, 2024

കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. നാല് ദിവസം കൊണ്ട് അടിയന്തര നിയമസഭ വിളിച്ചു ചേർക്കാൻ എന്ത് ഗുരുതരാവസ്ഥയാണ് കർഷകർക്കുണ്ടായത് എന്നായിരുന്നു ഗവർണറുടെ ചോദ്യം. ജൂൺ മുതൽ തുടങ്ങിയ കർഷക സമരത്തിൽ കേരള നിയമസഭക്ക് അടിയന്തര പരിഹാരമായി ഒന്നും ചെയ്യാനില്ല എന്നും മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ മറുപടി നല്‍കി.

ഗവർണർക്ക് ശക്തമായ മറുപടിയുമായാണ് സംസ്ഥാന സർക്കാർ രംഗത്ത് വന്നത്‌. ഡിസംബർ 31 ന് വീണ്ടും പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഈ സമ്മേളനത്തിന് ഗവര്‍ണര്‍  അനുമതി നല്‍കുമോ എന്ന് വ്യക്തമായിട്ടില്ല.
ഗവര്‍ണറുടെ നടപടി തെറ്റായ കീഴ് വഴക്കമെന്നായിരുന്നു സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവൻ പ്രതികരിച്ചത്. ഗവർണർ പെരുമാറേണ്ടത് ഭരണഘടനാനുസൃതമായാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സർക്കാർ നിയമസഭ വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ടാൽ അത് നിരാകരിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടത്.
നിയമസഭ വിളിച്ചുചേര്‍ക്കാന്‍ അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമായ അധികാര കയ്യേറ്റമാണോ? DNA ചർച്ച ചെയ്യുന്നു