Wed. Nov 6th, 2024
Ouf Abdurahman, Dyfi Worker Murdered in kanhangad

കോഴിക്കോട്‌: കാഞ്ഞങ്ങാട്‌ കൊല്ലപ്പെട്ട ഔഫ്‌ അബ്ദുറഹ്മാന്‍ എസ്‌ഐഎസ്‌ പ്രവര്‍ത്തകനായിരുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും എസ്‌വൈഎസ്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗവും എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന മുഹമ്മദലി കിണാലൂര്‍. “നൂറ്‌ ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക്‌ നടുവില്‍ ചുവപ്പ്‌ കൊടി പുതച്ച്‌ കിടക്കേണ്ടവനായിരുന്നില്ല. അവന്‍ സുന്നി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു.” മുഹമ്മദലി കിണാലൂരിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു.

ഔഫ്‌ അബ്ദുറഹ്മാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന്‌ ഡിവൈഎഫ്‌ഐയും സിപിഎമ്മും അവകാശപ്പെടുന്നു. മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കുകയും വിപ്ലവ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കകയും ചെയ്‌തിരുന്നു. ഇത്‌ മയ്യിത്തിനോട്‌ കാട്ടിയ അതിക്രമമാണെന്ന്‌ മുഹമ്മദാലി കിണാലൂര്‍ ആരോപിക്കുന്നു. മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത്‌ നേതാവിന്റേതാണെന്ന്‌ അറിയില്ല എന്ന്‌ അദ്ദേഹം പറയുന്നു.

ഫേസ്‌ ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം:

പറയാതിരുന്നാൽ അനീതിയാകും, ആ മയ്യിത്തിനോടും ഔഫിനെ സ്നേഹിക്കുന്നവരോടുമുള്ള അനീതി.
മരിച്ചവർക്കും അവകാശമുണ്ട്. അത് വകവെച്ചു കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരാണ്. കാസറഗോഡ് കൊല്ലപ്പെട്ട സുന്നി പ്രവർത്തകൻ, അതേ, സുന്നി പ്രവർത്തകൻ മാത്രമായ ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളിൽ ചിലത് നിഷേധിക്കപ്പെട്ടു. നൂറു ചുകപ്പൻ അഭിവാദ്യങ്ങൾക്ക് നടുവിൽ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്. അവൻ സുന്നി പ്രവർത്തകൻ മാത്രമായിരുന്നു. ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, സഹനസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യമുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതാണ് എന്നറിയില്ല. മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടി എന്ന ‘ബഹുമതി’ ഡിവൈഎഫ്ഐക്കും സി പി എമ്മിനുമിരിക്കട്ടെ.
സഖാക്കളേ, ‘ഞങ്ങൾ’ക്കൊപ്പമുണ്ട് എന്ന് നിങ്ങൾ പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയല്ല. ഇത്‌ അതിക്രമമാണ്. മയ്യിത്തിനോട് കാട്ടിയ അതിക്രമം. മാപ്പില്ലാത്ത പാതകം. മരിച്ചവർക്കും അവകാശമുണ്ട്, അതുപക്ഷെ മരണാനന്തരം പാർട്ടി അംഗത്വം നൽകലോ പാർട്ടി പതാക പുതപ്പിക്കലോ അല്ല.

Last rites of Ouf Abdurhaman SYS activist murdered in Kanjhangad
Last rites of Ouf Abdurhaman SYS activist murdered in Kanjhangad

സഖാക്കളേ,
കൊല്ലപ്പെട്ടവർക്കൊപ്പം നിൽക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെ അഭിവാദ്യം ചെയ്യുന്നു. കൊലയാളി ലീഗിനെതിരായ നിങ്ങളുടെ അമർഷത്തെ അംഗീകരിക്കുന്നു. കൊല്ലപ്പെട്ട സുന്നിപ്രവർത്തകൻ ഔഫിനോട് നിങ്ങൾ കാണിച്ച നെറികേടിനെ (ക്ഷമിക്കുക, ആ വാക്ക് ഉപയോഗിക്കേണ്ടിവന്നതിൽ) ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ദയവായി പാർട്ടി രക്തസാക്ഷികളുടെ പട്ടികയിൽ പേര് ചേർത്ത് ഔഫിനെ ഇനിയും ഇനിയും അപമാനിക്കരുത്. ഇതൊരപേക്ഷയാണ്. ഔഫ് ജീവിതം സമർപ്പിച്ചു പ്രവർത്തിച്ച അതേ സുന്നിസംഘടനയിൽ അഭിമാനത്തോടെ പ്രവർത്തിക്കുന്ന ഒരു സഹപ്രവർത്തകന്റെ അപേക്ഷ.

മുഹമ്മദലി കിനാലൂർ
25-12-2020

https://www.facebook.com/muhammadalikinaloor/posts/2452040401769915