ന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കാന്‍ തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാണ്. നിയമ ഭേദഗതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുതമലയല്ലെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടേഴ്‌സ് ലിസ്‌റ്റ് മതിയെന്നും ഒറ്റ തിരഞ്ഞെടുപ്പ് നടത്തണം എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഈ അഭിപ്രായത്തെ എതിര്‍ക്കുകയാണ്. അതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.